ആദിവാസി കോളനികളിലേക്ക് പാലങ്ങൾ

പോത്ത്കല്ലിലെ ഇരുട്ടുകുത്തി കോളനിയിലേക്ക് മുളകൊണ്ട് നിർമിച്ച ചങ്ങാടംവഴി പുഴകടക്കുന്ന ആദിവാസികൾ


എടക്കര  പോത്ത്‌കല്ല്‌, വഴിക്കടവ്‌ പഞ്ചായത്തുകളിലെ രണ്ട്‌ ആദിവാസി കോളനികളിലേക്ക്‌ പാലം നിർമാണത്തിന്‌ ബജറ്റിൽ ടോക്കൺ തുക അനുവദിച്ചു. പോത്ത്കല്ലിൽ ചാലിയാർ പുഴക്കുകുറുകെയുള്ള ഇരുട്ടുകുത്തി പാലം, വഴിക്കടവിൽ പുന്നപ്പുഴക്കുകുറുകെയുള്ള പുഞ്ചക്കൊല്ലി പാലം എന്നിവക്കാണ് ടോക്കൺ തുക അനുവദിച്ചത്‌. പ്രളയത്തിൽ പാലം തകർന്ന പ്രദേശമാണിത്.  പോത്ത്കല്ല് പഞ്ചായത്തിൽ പ്രളയത്തിൽ ഒറ്റപ്പെടുന്ന ആദിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇരുട്ടുകുത്തി കടവിൽ നിർമിക്കുന്ന പാലം. മുണ്ടേരി വനത്തിനുള്ളിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലേക്കുള്ള ഏക യാത്രാമാർഗമാണ് പ്രളയത്തിൽ തകർന്നത്.  വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി കോളനികളിലെ 150 കുടുംബങ്ങൾ ആശ്രയിച്ചിരുന്ന ഇരുമ്പുപാലം പ്രളയത്തിൽ ഒലിച്ചുപോകുകയായിരുന്നു. മുളകൊണ്ട് നിർമിച്ച ചങ്ങാടംവഴിയാണ് ഇരുട്ടുകുത്തി കടവിലും പുഞ്ചക്കൊല്ലി കടവിലും നിലവിൽ ആദിവാസികൾ പുഴകടക്കുന്നത്. Read on deshabhimani.com

Related News