പ്രതിഷേധവുമായി നാട്ടുകാർ ഇറിഗേഷൻ ഓഫീസിൽ

മോട്ടോര്‍ പമ്പിങ്‌ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കര്‍ഷകരും പ്രദേശവാസികളും ഇറിഗേഷന്‍ അസി. എക്‌സി. എൻജിനിയറുടെ ചാലക്കുടിയിലെ ഓഫീസിലെത്തിയപ്പോള്‍


ചാലക്കുടി മോട്ടോർ പമ്പിങ്‌ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കർഷകരും നാട്ടുകാരും ചാലക്കുടി  ഇറിഗേഷൻ അസി. എക്‌സി എൻജിനിയറുടെ  ഓഫീസിൽ പ്രതിഷേധവുമായെത്തി. വൈന്തല ഒന്നാം നമ്പർ പമ്പ് പ്രവർത്തിപ്പിക്കാത്തതാണ്‌  പ്രതിഷേധത്തിനിടയാക്കിയത്‌. 1600ഏക്കറോളം സ്ഥലത്ത്‌  പമ്പിങ്ങിനെ ആശ്രയിച്ച് കൃഷിയിറക്കിയ കാടുകുറ്റി പഞ്ചായത്തിലെ 14, 15 വാർഡുകളിലേയും അന്നമനട പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേയും കർഷകരാണ് ദുരിതത്തിലായത്. പമ്പിങ് ഇല്ലാതായതോടെ പ്രദേശത്ത്‌ കുടിവെള്ള ക്ഷാമവും രൂക്ഷമായി.   ഇവിടെയുള്ള മോട്ടോർ ഷെഡ് പൊളിച്ച് പുതുക്കി പണിതിരുന്നു. എന്നാൽ വൈദ്യുതീകരണം നടത്തിയിട്ടില്ല. ഇത് പൂർത്തീകരിച്ചാലേ പമ്പിങ് പുനരാരംഭിക്കാനാകൂ.  ഇലക്‌ട്രിക്കൽ അസി. എക്‌സി. എൻജിനിയർ അജിത്തുമായി നടന്ന  ചർച്ചയിൽ അടുത്ത ദിവസം മുതൽ പമ്പിങ്ങിന് താൽക്കാലിക സംവിധാനം ഒരുക്കാമെന്ന് ഉറപ്പ് നൽകി.  താൽക്കാലിക  സംവിധാനം ഉടൻ ഒരുക്കിയില്ലെങ്കിൽ   പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരക്കാർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വിമൽകുമാർ, മോഹിനി കുട്ടൻ, ജാക്‌സൺ വർഗീസ്, വിമൽകുമാർ, എം ഐ പൗലോസ്, പി വി ഷാജൻ, ഹാഷിം സാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News