കേട്ടോ, എല്ലാടത്തും ഇപ്പോ കേക്കാ

കോട്ടയം താഴത്തങ്ങാടി സ്വദേശിനി റസിയ അക്ബർ കേക്ക് 
നിർമാണത്തിൽ


കോട്ടയം ബേക്കറിയിലെ ചില്ലുകൂട്ടിലിരുന്ന് നാവിൽ വെള്ളമിറ്റിപ്പിക്കുന്ന കേക്കുകൾക്ക്‌ ഇത്തവണ  ഡിമാൻഡ്‌ കുറയും. നേരംപോക്കിന് കേക്ക് നിർമിച്ച് വിജയിച്ചവരൊക്കെ സ്വന്തം അടുക്കളയിൽതന്നെ ആവശ്യമുള്ള കേക്കുകൾ പാകപ്പെടുത്തുന്ന തിരക്കിലാണിപ്പോൾ. കോവിഡും ലോക്‌ഡൗണുമാണ്‌ വീട്ടമ്മമാരുടെ കേക്ക്‌ നിർമാണ കഥകൾക്ക്‌ പിന്നിൽ. ടിവിയും ഫോണും മടുത്തപ്പോഴാണ് കേക്ക്‌ നിർമാണവും ബോട്ടിലാർട്ടും പുതിയ കരകൗശലവസ്‌തുക്കളും വീട്ടകങ്ങളിൽ സ്ഥാനംപിടിച്ചത്. കേക്ക് കുടുംബാംഗങ്ങൾക്കിടയിൽ ഹിറ്റായതോടെ പലരും ഉപജീവന മാർഗമാക്കി.  അങ്ങനെ വിപണിയിലേക്ക്‌ ഹോം മേഡ്‌ കേക്കുകൾ എത്തിത്തുടങ്ങി. പ്രിസർവേറ്റീവ്സ് ഇല്ലാതെ നിർമിക്കുന്ന ഇത്തരം കേക്കുകൾക്ക്‌ ആവശ്യക്കാരും ഏറെയാണ്‌. വലിയ ചെരുവത്തിൽ നിന്ന് മൈക്രോവേവ്‌ ഓവനിലേക്ക്‌ കേക്ക്‌ നിർമാണം മാറിയതോടെ ആവശ്യക്കാരും ഏറി. കടകളിൽ ഉണ്ടാക്കുന്ന അതേ ഗുണനിലവാരത്തോടെയാണ്‌ നിർമാണം. വിലയിൽ അൽപ്പം കുറവുള്ളതും ആളുകളെ ആകർഷിക്കുന്നു. പ്ലം കേക്ക്‌ മുതൽ, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ബ്ലൂ ബെറി, ബ്ലാക്ക് ബെറി, വനില, സ്‌ട്രോബറി, പിസ്‌ത, ചോക്ലേറ്റ്‌, റെഡ് വെൽവെറ്റ് തുടങ്ങി  വിവിധ കേക്കുകൾ മണിക്കൂറുകൾക്കുള്ളിൽ തയ്യാർ. മൈദ, മുട്ട, പഞ്ചസാര, ബേക്കിങ് പൗഡർ, സൺഫ്ലവർ ഓയിൽ, പാൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം. ക്രിസ്‌മസ്‌ അടുത്തതോടെ ഓർഡർ വന്ന്‌ തുടങ്ങിയെന്ന്‌ ഹോം മേഡ്‌ കേക്ക്‌ നിർമിക്കുന്ന താഴത്തങ്ങാടി, അറുപുഴ, മാണിപറമ്പിൽ ഹൗസിൽ റസിയ അക്ബർ പറയുന്നു. പ്രധാനമായും ബാങ്ക്, വീട്, സ്കൂൾ എന്നിവിടങ്ങളിലാണ് ഓർഡർ വരുന്നതെന്നും ഈ വീട്ടമ്മ പറയുന്നു. ഹോം മേഡ്‌ കേക്ക്‌ നിർമാണത്തിന്‌ ഫുഡ്‌ ആൻഡ്‌ സേഫ്‌ടി ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്‌. Read on deshabhimani.com

Related News