നിർമാണതൊഴിലാളികൾ മാർച്ച്‌ നടത്തി

നിർമാണതൊഴിലാളികളുടെ ടെലഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ച്‌ എം മധു ഉദ്‌ഘാടനം ചെയ്യുന്നു


  കൽപ്പറ്റ നിർമാണമേഖലയുടെ നട്ടെല്ല്‌ തകർക്കുന്ന കേന്ദ്രനയത്തിൽ പ്രതിഷേധിച്ചും തൊഴിലിൽ സംരക്ഷണം ആവശ്യപ്പെട്ടും നിർമാണതൊഴിലാളികൾ നടത്തുന്ന ദ്വിദിന പണിമുടക്കിന്‌ ജില്ലയിൽ ആവേശതുടക്കം. കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(സിഡബ്ല്യുഎഫ്‌ഐ) അഖിലേന്ത്യാ തലത്തിൽ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിൽ ജില്ലയിലെ  നിർമാണമേഖല സ്‌തംഭിച്ചു.  നൂറുകണക്കിന്‌ തൊഴിലാളികളാണ്‌ സമരത്തിൽ പങ്കാളികളായത്‌. പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്‌ച കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ചിലേക്ക്‌ മാർച്ച്‌ നടത്തി.   അസംഘടിതമേഖലയിൽ ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്ന നിർമാണമേഖലയെ തകർക്കാനുള്ള നീക്കം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ നൂറുകണക്കിന്‌ പേരാണ്‌ മാർച്ചിൽ പങ്കാളികളായത്‌.       നിർമാണതൊഴിലാളികളുടെ പെൻഷൻ സാമ്പത്തിക ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക,  1996ലെ നിർമാണത്തൊഴിലാളി ക്ഷേമനിധി നിയമം സംരക്ഷിക്കുക, സിമന്റ്,  സ്‌റ്റീൽ ഉൾപ്പെടെയുള്ള  നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക,  തൊഴിലാളി കുടുംബങ്ങൾക്ക്‌ പ്രതിമാസം 7500 രൂപയും പത്ത്‌ കിലോ ഭക്ഷ്യധാന്യവും നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പണിമുടക്ക്‌.      മാർച്ച്‌ യൂണിയൻ ജില്ലാ സെക്രട്ടറി  എം മധു ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ എം എ സുരേഷ്‌ അധ്യക്ഷനായി.  പി കെ രാമചന്ദ്രൻ,  കെ ടി ബാലകൃഷ്‌ണൻ എന്നിവർ  സംസാരിച്ചു.  കെ വാസുദേവൻ സ്വാഗതവും കെ സി ജബ്ബാർ നന്ദിയും പറഞ്ഞു. വെള്ളിയാഴ്‌ച ഏരിയാ കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തും.  Read on deshabhimani.com

Related News