സംസ്ഥാനങ്ങളുടെ അധികാരം കവർന്ന്‌ നേഴ്‌സിങ്‌ ബിൽ



തിരുവനന്തപുരം നേഴ്‌സിങ്‌ വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരിന്റെ അധികാരം കവരുന്ന നാഷണൽ നേഴ്സിങ്‌ ആൻഡ് മിഡ് വൈഫറി കമീഷൻ ബിൽ പാസാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ല‌്‌ പാസാക്കിയാൽ നേഴ്‌‌സിങ്‌ മേഖലയുടെ ഹബ്ബായ കേരളത്തിന്‌ വൻ തിരിച്ചടിയാകും.  1947-ലെ ഇന്ത്യൻ നേഴ്സിങ്‌ കൗൺസിൽ നിയമം പൂർണമായും തള്ളുന്നതാണ്‌‌ ബിൽ‌. നേഴ്‌സിങ്‌ മേഖലയിൽ രാജ്യത്ത്‌ ഒറ്റ പരീക്ഷ‌. ഇന്ത്യൻ നേഴ്‌സിങ്‌ കമീഷനു പകരം നാഷണൽ നേഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കമീഷൻ സ്ഥാപിക്കും. കമീഷനിലെ റെഗുലേറ്ററി ബോഡികളിലെ അംഗങ്ങൾ കേന്ദ്രസർക്കാർ നോമിനികളാകും. സ്വതന്ത്ര ബോർഡുകളിൽ അംഗങ്ങളെ നിയമിക്കുന്ന അധികാരവും കേന്ദ്രത്തിനാകും. ഇതോടെ മേഖല പൂർണമായും കേന്ദ്രനിയന്ത്രണത്തിലാകും.   ഇന്ത്യൻ നേഴ്‌സിങ്‌ കൗൺസിലും സംസ്ഥാന കൗൺസിലും അപ്രസക്തമാകും. സംസ്ഥാനങ്ങളിൽനിന്ന്‌ അംഗങ്ങളുണ്ടാകില്ല. ആറ്‌ സോണിൽനിന്നാണ്‌ അംഗങ്ങളെ തെരഞ്ഞെടുക്കുക. സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഇടമില്ലാതാകും. നേഴ്‌സിങ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന്‌ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ബില്ലിലില്ല. ഇത്‌ അനിയന്ത്രിതമായ സ്വകാര്യവൽക്കരണത്തിലേക്ക്‌ നയിക്കും.    പരാതി പരിഹാരത്തിനും കടമ്പകളേറെ‌. റെഗുലേറ്ററി ബോഡിയെ ധരിപ്പിക്കുന്ന പരാതികളിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാരിനാകും. ബില്ലിലെ സെക്‌ഷൻ 49 അനുസരിച്ച്‌ ദേശീയ കമീഷൻ അംഗീകരിച്ച അധികാരിക്കോ എത്തിക്സ്‌ ആൻഡ്‌ രജിസ്‌ട്രേഷൻ ബോർഡ്‌ അംഗത്തിനോ സംസ്ഥാന കമീഷനോ മാത്രമാമേ പരാതി നൽകാനാകൂ. നേഴ്‌സുമാർക്ക്‌ കോടതിയെ സമീപിക്കാനാകില്ല. ഇത്‌ ചൂഷണത്തിന്‌ വഴിവക്കും. ആനുകൂല്യങ്ങളെ സംബന്ധിച്ചും ബില്ലിൽ പരാമർശമില്ല. ബില്ലിൽ പൊതുജനങ്ങൾക്ക്‌‌ ഞായറാഴ്ചവരെ nnmcbill-mohfw@nic.inൽ അഭിപ്രായം രേഖപ്പെടുത്താം.   Read on deshabhimani.com

Related News