സൗന്ദര്യക്കാഴ്‌ചയൊരുക്കി ചന്ദ്രഗിരിക്കോട്ട



ഉദുമ നാശത്തിന്റെ വക്കിൽനിന്ന്‌ പഴയ പ്രതാപകാലം വീണ്ടെടുക്കുകയാണ്‌‌ ചന്ദ്രഗിരികോട്ട. ജില്ലയിലെ പുരാവസ്‌തു വകുപ്പിന്റെ എട്ട്‌ സംരക്ഷിത സ്‌മാരകങ്ങളിൽ മലബാറിന്റെ പ്രൗഢമായ ചരിത്രമുറങ്ങുന്ന കോട്ടയാണ്‌ ചന്ദ്രഗിരി. ഇക്കേരി നായ്‌ക്കരിൽ പ്രശസ്‌തനായ ശിവപ്പ നായ്‌ക്കന്മാർ നിർമിച്ചതാണ്‌ കോട്ട. ചരിത്രത്തിന്റെ ഇത്തരം തിരുശേഷിപ്പുകൾ  പുതുതലമുറയ്‌ക്ക്‌  മനസിലാക്കി കൊടുക്കുവാനും ചരിത്ര പൈതൃക പുരാവസ്‌തു പാരമ്പര്യത്തിലേക്ക്‌ കൂടുതൽ വെളിച്ചം പകരാനായും സംസ്ഥാന പുരാവസ്‌തു വകുപ്പ്‌ അനുവദിച്ച 80 ലക്ഷം രൂപ ചെലവിലാണ്‌ കോട്ടയിൽ ആദ്യഘട്ട ശാസ്‌ത്രീയ സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയത്‌. കോട്ടയുടെ പഴയ പ്രതാപം സംരക്ഷിച്ച്‌ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്‌ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറ്റും.  അറബി ക്കടലിന്റെയും ചന്ദ്രഗിരി പുഴയുടെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള പശ്ചാത്തല സൗകര്യമുള്ള കോട്ടയ്‌ക്ക്‌ മുന്തിയ പരിഗണനയാണ്‌ സർക്കാർ നൽകുന്നത്‌.  കെ കുഞ്ഞിരാമൻ എംഎൽഎയുടെ നിരന്തര ഇടപെടലിലാണ്‌ തുക അനുവദിച്ചതും പ്രവൃത്തി പൂർത്തിയാക്കിയതും. സന്ദർശകർക്ക്‌ വിശ്രമിക്കാനും പരിസരം നിരീക്ഷിക്കുവാനും ഇരിപ്പട സൗകര്യമൊരുക്കി. ഭിന്നശേഷി സൗഹൃദമുൾപ്പെടെയുള്ള ശുചി മുറികൾ, കലാപരിപാടിക്കും മറ്റുമായുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം, വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ കുഴൽക്കിണർ എന്നിവ നിർമിച്ചു. കോട്ടയുടെ സമഗ്ര സംരക്ഷണ പ്രവൃത്തിയുടെ ഭാഗമായി പൊളിഞ്ഞ കൊത്തളം പുനർനിർമിച്ചു. കോട്ടയ്‌ക്കുള്ളിലെ നാലുവശത്തുമുള്ള നടപ്പാതയുടെ അറ്റകുറ്റപ്പണിയും കുളത്തിന്റെ സംരക്ഷണവും നവീകരണവും ആദ്യഘട്ടത്തിൽ പൂർത്തിയാക്കി.  രണ്ടാം ഘട്ട വികസനം തദ്ദേശസ്വയംഭരണ വകുപ്പുകൾ ഉൾപ്പെടെയുള്ളവയുമായി ആലോചിച്ച്‌ വിവിധ പദ്ധതികൾക്ക്‌‌ രൂപം നൽകും.  പുരാവസ്‌തു വകുപ്പിന്റെ പക്കലുള്ള അമൂല്യ വസ്‌തുക്കൾ പ്രദർശിപ്പിക്കാനുള്ള മ്യൂസിയ സൗകര്യം ഒരുക്കും. മാഹി പുഴ മുതൽ ചന്ദ്രഗിരി കോട്ട വരെയുള്ള നദീതട ടൂറിസം പദ്ധതി യഥാർഥ്യമാകുന്നതോടെ ചന്ദ്രഗിരി കോട്ടയിലേക്ക്‌ കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.  Read on deshabhimani.com

Related News