അങ്കച്ചൂടിൽ കൊട്ടാരക്കര ബ്ലോക്ക്



എഴുകോൺ ചുഴലിക്കാറ്റിന്റെ ഭീതിയിൽ മഴമേഘങ്ങൾ ഉരുണ്ടുകൂടുമ്പോഴും തെരഞ്ഞെടുപ്പ്‌ ചൂടിലാണ്‌ കൊട്ടാരക്കര ബ്ലോക്ക്‌. എൽഡിഎഫ്‌ പ്രചാരണം ആവേശത്തേരിലാണ്‌. സ്ഥാനാർഥി നിർണയം മുതലുള്ള പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പ്‌ അടുത്തിട്ടും യുഡിഎഫിനെ വിട്ടുമാറിയിട്ടില്ല.  കൊട്ടാരക്കര, വെളിയം, പൂയപ്പള്ളി, കരീപ്ര, ഏഴുകോൺ, നെടുവത്തൂർ എന്നിങ്ങനെ ആറ് പഞ്ചായത്തുകളിലായി 13 ഡിവിഷനുകളാണ് കൊട്ടാരക്കര ‌ബ്ലോക്ക്‌ പഞ്ചായത്തിലുള്ളത്. എൽഡിഎഫ് –-12, യുഡിഎഫ് –-1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റുനില. ഇത്തവണ എൽഡിഎഫിൽ സിപിഐ എം –-8, സിപിഐ –- 5 എന്നിങ്ങനെയാണ്‌ സ്ഥാനാർഥികൾ. സ്ഥാനാർഥി നിർണയ സമയത്തെ അസ്വാരസ്യങ്ങൾ പ്രചാരണത്തിലും യുഡിഎഫിൽ വെല്ലുവിളി ഉയര്‍ത്തുന്നു. വെളിയം ഡിവിഷനിൽ യുഡിഎഫിൽ കോൺഗ്രസിന്റെയും ആർഎസ്‌പിയുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്‌.  അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളുടെ നിറവിലാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. നെടുമൺകാവ്‌ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ മാതൃകാപരമായ വികസനപ്രവർത്തനങ്ങളാണ്‌ നടന്നത്‌. എൻഎച്ച്‌എം ഫണ്ട്‌ ഉപയോഗിച്ച്‌ 5000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ ഓഫീസിനും ലാബിനും കെട്ടിടം, മാമോഗ്രാം സെന്റർ, ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവ നിർമിച്ചു. 350 പേർക്ക്‌ കണ്ണടയും 27 ശ്രവണ സഹായിയും നൽകി. 30 ലക്ഷം രൂപ ചെലവിൽ പ്ലാസ്റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. തുടർവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റമുണ്ടായി. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉപയോഗിച്ച്‌ നൂറിലധികം കുളങ്ങൾ നിർമിച്ചു. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി രണ്ടുതവണ സ്വരാജ്‌ പുരസ്‌കാരവും പഞ്ചായത്ത്‌ സശാക്‌തീകരൺ പുരസ്‌കാരവും മുഖ്യമന്ത്രിയുടെ ഹരിത അവാർഡും ബോക്കിന്‌ ലഭിച്ചു. സ്വരാജ്‌ പുരസ്‌കാര തുകയും പഞ്ചായത്ത്‌ സശാക്‌തീകരൺ പുരസ്‌കാര തുകയും ഉപയോഗിച്ച്‌ ഓഡിറ്റോറിയം നിർമിച്ചു. Read on deshabhimani.com

Related News