‘‘ജനങ്ങളായിരുന്നു 
 എല്ലാം.......’’



കണ്ണൂർ ‘‘ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളെ  മാറ്റിനിർത്തുന്നതിൽ എന്നും അദ്ദേഹത്തിന്‌ നീരസമായിരുന്നു. സുരക്ഷയെ മുൻനിർത്തി എന്റെ കർത്തവ്യം എനിക്ക്‌ ചെയ്യാതിരിക്കാൻ ആവില്ലാലോ. പരിപാടി കഴിഞ്ഞാൽ സ്നേഹപൂർവം ശാസിക്കും ’’.–-  കോടിയേരിയുടെ നിഴലായി നടന്ന  ഗൺമാൻ എസ് ഐ കെ എം ശശീന്ദ്രൻ നീണ്ട 26 വർഷത്തെ വൈകാരികാനുഭവങ്ങൾ വിവരിക്കാനാവാതെ പതറിനിന്നു.  ജനങ്ങളായിരുന്നു അദ്ദേഹത്തിന്‌ എല്ലാം.  എംഎൽഎ, ആഭ്യന്തര മന്ത്രി, സിപിഐ എം സംസ്ഥാന സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ  മാറിയെങ്കിലും കോടിയേരി എന്നും ജനങ്ങൾക്കിടയിലായിരുന്നു. ഒരു കാലത്തും സുരക്ഷയെക്കുറിച്ച്‌  ആശങ്കപ്പെട്ടതേയില്ല.  രാഷ്ട്രീയസംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ പ്രവർത്തകർക്ക്‌ ഊർജമായി അദ്ദേഹമുണ്ടാകും. ആഭ്യന്തര മന്ത്രിയായിക്കെയുള്ള  യാത്രകളിൽ അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടക്കുന്നവരെ എത്രയോ തവണ   ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.  ആളുകൾ റോഡിൽ നിൽക്കുന്നത് കണ്ടാൽ ഏതേലും വീട്ടിൽ മരണം നടന്നതാകാമെന്ന് പറഞ്ഞ് അവിടെ കയറി വീട്ടുകാരെ സാന്ത്വനിപ്പിക്കും.   രാത്രി ഏറെ വൈകിയെന്ന ചിന്തയൊന്നും അദ്ദേഹത്തിനുണ്ടാകില്ല. നാട്ടിലുള്ള സഖാക്കളുടെ വിവാഹ വിരുന്നുകളിലും  കുടുംബാംഗത്തെപോലെയാണ്‌  പങ്കെടുത്തത്‌.  ഒരു പ്രാവശ്യം കണ്ടവരെ ഓർത്തുവയ്‌ക്കും. ആൾക്കൂട്ടത്തിനിടയിലും ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് സംസാരിക്കും.  അനാരോഗ്യവേളകളിലും ആൾക്കൂട്ടത്തിനിടയിൽ നിൽക്കാനാണ് കോടിയേരി ആഗ്രഹിച്ചത്. മാഹി കോളേജ്‌  പഠനകാലത്ത്‌ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കോടിയേരിയോട് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പന്തക്കൽ സ്വദേശിയായ കെ എം ശശീന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News