കാസർകോടിന്‌ കാവലായ മന്ത്രി



കാസർകോട്‌ കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലം. നടപടിക്ക്‌ വിധേയനായ ഒരു പൊലീസ്‌ ഉദ്യോഗസ്ഥനെ കാസർകോട്ടേക്ക്‌ സ്ഥലംമാറ്റാമെന്ന്‌ അന്നത്തെ ഡിജിപി അറിയിച്ചു. കോടിയേരി കയർത്തു. മാലിന്യം തള്ളാനുള്ള സ്ഥലമല്ല കാസർകോട്‌. ഈ ഉദ്യോഗസ്ഥന്റെ കൊള്ളരുതായ്‌മ കാസർകോട്ടുകാർ അനുഭവിക്കണോ. ആഭ്യന്തരവകുപ്പിൽ അത്‌ നടക്കില്ല. ഏറ്റവും നല്ല ഉദ്യോഗസ്ഥരെയാണ്‌ കാസർകോട്ടേക്ക്‌ അയയ്‌ക്കേണ്ടത്‌.  കോടിയേരിയുടെ പൊട്ടിത്തെറിക്ക്‌ സാക്ഷിയായ പേഴ്‌സണൽ സ്‌റ്റാഫംഗമായിരുന്ന നീലേശ്വരം പൊടോതുരുത്തിയിലെ ടി വി സുരേഷ്‌ബാബു ആ രംഗം ഓർക്കുന്നു. മറ്റൊരു സ്‌റ്റാഫംഗമായിരുന്ന എം രഘവനും അടുത്തുണ്ടായിരുന്നു. കാസർകോട്‌ എന്റെ കൂടി നാട്‌ എന്നാണ്‌ അദ്ദേഹം പറയാറ്‌. നിങ്ങൾ കാസർകോട്ടുകാരാണ്‌. സവിശേഷ ഗുണമുള്ളവരാണ്‌ അവർ. നിങ്ങൾ ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോൾ കാസർകോട്ടുകാരുടെ സ്വാഭാവങ്ങൾ കൈവിടരുത്‌. പൊടോതുരുത്തിയിലെ വീട്ടിൽ വന്നപ്പോൾ ഉച്ചഭക്ഷണം കഴിഞ്ഞ്‌ അദ്ദേഹത്തിന്‌ വിശ്രമിക്കാൻ സൗകര്യമൊരുക്കി. വേണ്ടെന്ന്‌ പറഞ്ഞ്‌ മുറ്റത്ത്‌ കസേരയിട്ട്‌ രണ്ട്‌ മണിക്കൂർ നാട്ടുകാരുമായി സംസാരിച്ചിരുന്നു.    വർഗീയ കലാപം തടഞ്ഞ്‌ ആ മുന്നറിയിപ്പ്‌    തുടർച്ചയായി നാലുപേർ കൊല്ലപ്പെട്ട കാസർകോട്‌ നഗരത്തിലെ സംഘർഷത്തെ തുടർന്ന്‌ കോടിയേരി കാസർകോടെത്തി. വർഗീയ കലാപത്തിനായി അക്രമം നടത്തുന്നവരെ വെടിവയ്‌ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വതസിദ്ധമായ സൗമ്യതയോടുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌ അക്രമികളെ അടക്കി. പൊതുസമൂഹത്തിന്‌ ആത്മവിശ്വാസമായി. വിവിധ പ്രദേശങ്ങളിൽ പൊലീസ്‌ റൂട്ട്‌മാർച്ച്‌ നടത്തി. എഡിജിപി കെ എസ്‌ ജ്യാൻപാംഗി കാസർകോട്‌ ക്യാമ്പ്‌ ചെയ്‌തു. എട്ട്‌ എസ്‌പിമാരുടെ നേതൃത്വത്തിൽ മറ്റ്‌ ജില്ലകളിൽനിന്നുള്ള പൊലീസുകാരെ ഉൾപ്പെടെ വിന്യസിപ്പിച്ച്‌ അക്രമികളെ അടിച്ചമർത്തി.  വർഗീയ സംഘർഷമുണ്ടാകാറുള്ള കാസർകോട്‌ മികച്ച പൊലീസ്‌ ഉദ്യോഗസ്ഥരെ നിയമിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.  അക്കാലത്തെ പ്രഗത്ഭ ഉദ്യോഗസ്ഥരെയാണ്‌ നിയമിച്ചത്‌.   3 തീരദേശ സ്‌റ്റേഷൻ; ഉപ്പള ഫയർസ്‌റ്റേഷൻ   കാസർകോട്‌ മൂന്ന്‌ തീരദേശ പൊലീസ്‌ സ്‌റ്റേഷൻ അനുവദിച്ചത്‌ കോടിയേരിയുടെ കലത്താണ്‌. തളങ്കര, നീലേശ്വരം, കുമ്പള എന്നിവിടങ്ങളിൽ. ഉപ്പള ഫയർ സ്‌റ്റേഷൻ ആരംഭിച്ചു. മേൽപ്പറമ്പ്‌ പൊലീസ്‌ സ്‌റ്റേഷന്‌ അനുമതി നൽകി. കാസർകോട്‌ പൊലീസ്‌ സ്‌റ്റേഷനുകളിൽ പുത്തൻ വാഹനങ്ങളെത്തി. ഹൈവേ പട്രോളിങ് ആരംഭിച്ചു. ജനമൈത്രി പൊലീസും  സ്‌റ്റുഡന്റ്‌ കാഡറ്റ്‌ പൊലീസും ആരംഭിച്ചു. പൊലീസിലെ പരിഷ്‌കാരങ്ങളിൽ പണിഷ്‌മെന്റ്‌ ട്രാൻസ്‌ഫറിന്‌ മാത്രം പരിഗണിച്ചിരുന്ന കാസർകോട്‌ വലിയ ഗുണമാണുണ്ടാക്കിയത്‌.   പെരിയ എയർ സ്‌ട്രിപ്പ്‌     കാസർകോടിന്റെ ആകാശയാത്രക്ക്‌ പ്രതീക്ഷയുടെ ചിറക്‌ നൽകിയ പെരിയ എയർ സ്‌ട്രിപ്പ്‌ തുടങ്ങാൻ തീരുമാനിച്ചത്‌ ടൂറിസം മന്ത്രി കൂടിയായിരുന്ന കോടിയേരിയുടെ സംഭാവനയാണ്‌. ടൂറിസം രംഗത്ത്‌ കുതിപ്പ്‌ ലക്ഷ്യമിട്ടാണ്‌ ബേക്കൽ കേന്ദ്രീകരിച്ച്‌ ചെറുവിമാന സർവീസ്‌ തുടങ്ങാൻ തീരുമാനിച്ചത്‌. എയർസ്‌ട്രിപ്പ്‌ നിർമാണത്തിനുള്ള പഠനം നടക്കുകയാണ്‌. ബേക്കൽ കേന്ദ്രീകരിച്ച്‌ ടൂറിസം വികസനം ശക്തമാക്കി. നിരവധി ടൂറിസം റോഡുകൾ വന്നു. നാട്ടുകാർക്ക്‌ കുടിവെള്ളം നൽകാൻ ബേക്കൽ ടൂറിസത്തിന്റെ ഭാഗമായി കുടിവെള്ള പദ്ധതി തുടങ്ങി. വലിയപറമ്പ് നീലേശ്വരം കോട്ടപ്പുറം ടൂറിസം നടത്തി. നീലേശ്വരം വലിയപറമ്പ്‌ ടൂറിസം റോഡ്‌ കൊണ്ടുവന്നു. റാണിപുരത്ത്‌ കെടിഡിസി ഹോട്ടൽ തുറന്നു.   Read on deshabhimani.com

Related News