കെട്ടിടമുണ്ട്‌; പക്ഷേ തൊറക്കൂല!

വിദ്യാനഗർ നെൽക്കളയിൽ കൊറഗ വിഭാഗക്കാർക്ക്‌ കൂട്ട നിർമാണ പരിശീലനത്തിനായി നിർമിച്ച കെട്ടിടം കാടുമൂടിയ നിലയിൽ. സമീപത്തുതന്നെ അനാഥമായ വയോജന വിശ്രമ കേന്ദ്രവും കാണാം.


കാസർകോട്‌ ലക്ഷങ്ങൾ ചെലവഴിച്ച്‌ നിർമിച്ച കെട്ടിടങ്ങൾ തുറന്നുനൽകാൻപോലും തയ്യാറാകാതെ നഗരസഭ. പത്താംവാർഡിലെ നെൽക്കളയിൽ പട്ടികജാതി ഹോസ്‌റ്റലിന്‌ മുന്നിലായി 2005–- 2010 ഭരണസമിതി നിർമിച്ച കെട്ടിടം ഇപ്പോഴും കാടുപിടിച്ച്‌ കിടക്കുന്നു. നെൽക്കള ഭാഗത്തെ പട്ടികവർഗക്കാരായ കൊറഗ വിഭാഗക്കാർക്ക്‌ കൂട്ട നിർമാണവും പരിശീലനവും നൽകുന്നതിനായി ആറുലക്ഷത്തിലേറെ രൂപ ചെലവിട്ട്‌ നിർമിച്ച കെട്ടിടമാണിത്‌. ഉദ്‌ഘാടനം ചെയ്‌തില്ലെന്ന്‌ മാത്രമല്ല, തുറന്നുകൊടുക്കാൻപോലും തയ്യാറായില്ല. തൊട്ടടുത്തുതന്നെ 13 വർഷം മുമ്പ്‌ വയോജന വിശ്രമ കേന്ദ്രം നിർമിച്ചെങ്കിലും ഇതും ഉപയോഗശൂന്യമായി. ഏതാനും വർഷം മുമ്പുവരെ നഗരസഭാ വയോമിത്രം ക്ലിനിക്ക്‌ പ്രവർത്തിക്കുന്നതിനായി മാസത്തിൽ രണ്ടുതവണ തുറന്നിരുന്നു. ക്ലിനിക്ക്‌ നിർത്തിയതോടെ പൂർണമായും അടഞ്ഞുകിടക്കുകയാണ്‌. ഒമ്പതാംവാർഡിൽ കഴിഞ്ഞ ഭരണസമിതി നിർമിച്ച പകൽ വീടാകട്ടെ അനാസ്ഥയുടെ നേർസാക്ഷ്യമാണ്‌. അണങ്കൂരിൽനിന്നുള്ള പഴയ ദേശീയപാത റോഡരികിലായി എട്ടുലക്ഷം രൂപ ചെലവിലാണ്‌ കെട്ടിടം നിർമിച്ചത്‌. റവന്യു ഭൂമി കൈയേറി കെട്ടിടം നിർമിച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണം.  നഗരസഭാ ഭൂമിയാണെന്ന വാദത്തിൽ നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ്‌ വില്ലേജ്‌ അധികൃതരുടെ ആവശ്യം. നഗരസഭയുടെ അധീനതയിലുള്ള ഭൂമിപോലും തിട്ടപ്പെടുത്താൻ കഴിയാത്ത ഭരണസമിതി അനധികൃത കെട്ടിട നിർമാണത്തിലൂടെ ലക്ഷങ്ങളാണ്‌ പാഴാക്കിയത്‌.   Read on deshabhimani.com

Related News