പൊലീസുകാരില്‍ ആന്റിബോഡി പരിശോധന തുടങ്ങി



പാലക്കാട്  കോവിഡ്‌ പ്രതിരോധത്തിന്റെ ഭാ​ഗമായി  ജില്ലയിലെ പൊലീസുകാരിൽ ആന്റിബോഡി പരിശോധന തുടങ്ങി. കഞ്ചിക്കോട്ട്‌ ആദ്യദിവസം 173 പേരെ പരിശോധിച്ചു. രണ്ടുപേരുടെ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആർടിപിസിആർ പരിശോധനയ്ക്ക് വിട്ടു.  കസബ സ്റ്റേഷനിലെ 51, വാളയാർ സ്റ്റേഷനിലെ 36 പൊലീസുകാരും കെഎപി രണ്ട്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, എആർ ക്യാമ്പ് എന്നിവിടങ്ങളിൽനിന്ന് വാളയാർ അതിർത്തിയിൽ പ്രത്യേക ഡ്യൂട്ടിക്കുള്ള 86 പേരുമാണ് പരിശോധനയ്ക്ക് വിധേയരായത്.  ചൊവ്വാഴ്ച കല്ലേക്കാട് എആർ ക്യാമ്പിലും ബുധനാഴ്ച ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും ക്യാമ്പ് നടക്കും. എആർ ക്യാമ്പിൽ അവിടത്തെ പൊലീസുകാർക്കും സൗത്ത് സ്‌റ്റേഷനിൽ ട്രാഫിക്, കൺട്രോൾ റൂം, സൗത്ത്‌ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസുകാരുമാണ് പങ്കെടുക്കുക. കണ്ടെയ്‌ൻമെന്റ് സോൺ, ക്വാറന്റൈൻ ചെക്കിങ് ഡ്യൂട്ടി എന്നിവയിൽ ഏർപ്പെട്ടവർക്ക്‌ മുൻഗണന നൽകും.  ജില്ലയിൽ പരിശോധന ആറുമാസം തുടരും. എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇതിനുള്ള ചെലവ് കേരള പൊലീസ് സഹകരണ സംഘവും കേരള പൊലീസ് വെൽഫെയർ ബ്യൂറോയുമാണ് വഹിക്കുക. അഡീഷണൽ എസ്‌പി പി ബി പ്രശോഭിന്റെ മേൽനോട്ടത്തിൽ അസോസിയേഷൻ ഭാരവാഹികളെ  ഉൾപ്പെടുത്തിയ സമിതിക്കാണ് പരിശോധനാ ക്യാമ്പുകളുടെ ചുമതല. Read on deshabhimani.com

Related News