വില്ലേജ് ഓഫീസിലെ തട്ടിപ്പ്:
തെളിവെടുപ്പ് നടത്തി

വിഴിഞ്ഞം വില്ലേജ്‌ ഓഫീസിൽ പൊലീസ് തെളിവെടുക്കുന്നു


കോവളം വിഴിഞ്ഞം വില്ലേജ് ഓഫീസിൽ കെട്ടിട നികുതി അടച്ച പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമായി തെളിവെടുപ്പ്‌ നടത്തി. മാറനല്ലൂർ പോപ്പുലർ ജങ്‌ഷനിൽ ശിവശക്തിയിൽ ബി കെ രതീഷി (43)നെയാണ് വില്ലേജ് ഓഫീസിൽ എത്തിച്ച്‌ തെളിവെടുത്തത്‌. ശേഷം ഇയാളെ റിമാൻഡ്‌ ചെയ്തു.  വിഴിഞ്ഞം സബ് ഇൻസ്പെക്ടർ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. നെയ്യാറ്റിൻകര റവന്യുവിഭാഗം ഡെപ്യൂട്ടി തഹസിൽദാർ മിമി, വിഴിഞ്ഞം വില്ലേജ്‌ ഓഫീസർ ഷംസാദ് എന്നിവരുടെ സാന്നിധ്യമുണ്ടായി.  കെട്ടിടനികുതിക്കുള്ള പണം പ്രതി നേരിട്ട് സ്വീകരിച്ച ഉപയോക്താക്കളിൽ ചിലരുടെ വീടുകളിൽ എത്തിച്ചും  തെളിവെടുത്തു. അമ്പതിലേറെ ഉപയോക്താക്കളിൽനിന്ന് ആറര ലക്ഷത്തോളം രൂപയാണ്‌ തട്ടിയത്‌. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കേണ്ടവരിൽനിന്ന് പണം വാങ്ങി രസീത് നൽകിയശേഷം ഓൺലൈനായി രസീത് റദ്ദാക്കിയായിരുന്നു തട്ടിപ്പ്. Read on deshabhimani.com

Related News