മാലിന്യക്കൂമ്പാരമായിരുന്ന ഒരേക്കറോളം 
പുറമ്പോക്ക്‌ ഭൂമി നഗരസഭ ഏറ്റെടുക്കും

ആറ്റിങ്ങൽ നഗരസഭ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന മാമം ദേശീയപാതയുടെ ഇരുവശത്തായി സ്ഥിതിചെയ്യുന്ന 
പുറമ്പോക്കുഭൂമി ചെയർപേഴ്സണും മറ്റു നഗരസഭാ അധികൃതരും സന്ദർശിക്കുന്നു


ആറ്റിങ്ങൽ മാമം ദേശീയപാതയുടെ ഇരുവശത്തായി സ്ഥിതിചെയ്യുന്ന 80 സെന്റോളം വരുന്ന പുറമ്പോക്കുഭൂമി പൂർണമായും ആറ്റിങ്ങൽ നഗരസഭ ഏറ്റെടുക്കും.  കാടുകയറിയ ഈ പ്രദേശം സാമൂഹ്യ വിരുദ്ധർ നിരന്തരം മാലിന്യം കൊണ്ടു തള്ളുന്ന ഒരു പ്രധാന കേന്ദ്രം കൂടിയായി മാറ്റിയിരിക്കുകയാണ്. കൂടാതെ ചില സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റം കൂടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭൂമി ഏറ്റെടുക്കാൻ അധികൃതർ തയ്യാറായത്.  എന്നാൽ, മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാടും, മാലിന്യങ്ങളും നീക്കം ചെയ്ത ശേഷം അതിർത്തി തിരിച്ച് സംരക്ഷണ വേലി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. ദേശീയപാതയിൽനിന്ന് പഴയ ദേശീയപാത റോഡിലേക്ക് കടക്കാൻ വാഹന ഗതാഗതത്തിന് യോഗ്യമായ രീതിയിലുള്ള വഴി ഈ ഭൂമിയിലൂടെ വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.  തുടർന്ന് വിവരമറിഞ്ഞ് എത്തിയ ചെയർപേഴ്സൺ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിളള, വാർഡ് കൗൺസിലർ എം താഹിർ, സെക്രട്ടറി കെ എസ് അരുൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച്‌  നാട്ടുകാരോട് സംസാരിച്ചു. ചർച്ചക്കൊടുവിൽ മൂന്ന്‌ മീറ്റർ വീതിയിൽ വഴി നിർമിച്ച് നൽകാനുളള പ്രവർത്തനവും ആരംഭിച്ചു.  റവന്യൂ വകുപ്പിന്റെ സഹായത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന നദീതീരപ്രദേശം ഉൾപ്പെടെയുള്ള പുറമ്പോക്കു ഭൂമികൾ റീ സർവേയിലൂടെ കണ്ടെത്താനാണ് നഗര ഭരണകൂടത്തിന്റെ തീരുമാനം. പട്ടണത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടും വിധം ഇത്തരത്തിൽ കണ്ടെത്തുന്ന ഭൂമി ഉപയോഗിക്കുമെന്നും ചെയർപേഴ്സൺ  എസ് കുമാരി അറിയിച്ചു.    ( ചിത്രം : ആറ്റിങ്ങൽ നഗരസഭ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന  മാമം ദേശീയപാതയുടെ ഇരുവശത്തായി സ്ഥിതിചെയ്യുന്ന   പുറമ്പോക്കുഭൂമി ചെയർ പേഴ്സണും മറ്റു നഗരസഭാ അധികൃതരും സന്ദർശിക്കുന്നു) Read on deshabhimani.com

Related News