ക്ലാസാണ്‌ ബാസിൽ

മുഹമ്മദ്‌ ബാസിൽ


മലപ്പുറം സ്റ്റാർട്ടിങ്‌ ബ്ലോക്കിൽ ഒറ്റക്കൈയും കുത്തി മുഹമ്മദ്‌ ബാസിൽ നിൽക്കുന്നത്‌ കണ്ടാൽ ആരും ആദ്യമൊന്ന്‌ അമ്പരക്കും.  വെടിയൊച്ച മുഴങ്ങിയാൽ ഒറ്റക്കുതിപ്പാണ്‌. ട്രാക്കിൽ പറക്കുന്ന ബാസിലിനെയാകും പിന്നീട്‌ കാണുക. ജന്മനാ വലതുകൈയുടെ മുട്ടിനുതാഴേക്ക്‌ ഇല്ലെങ്കിലും സ്പ്രിന്റിൽ ബാസിൽ ആത്മവിശ്വാസത്തിന്റെ മറുവാക്കാണ്‌. പരിമിതികൾ തോൽക്കും. ഒന്നാമനായി വേഗവര കടക്കും.  ട്രാക്കിൽ ഇതിനകം മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ബാസിൽ ശനിയാഴ്‌ച തിരുവനന്തപുരത്ത്‌ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മികച്ച വേഗക്കാരനാകാൻ സ്‌പൈക്കണിയും. പൊന്നാനി എംഐ ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ പ്ലസ്‌ വൺ വിദ്യാർഥി ആദ്യമായാണ്‌ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മത്സരിക്കാനിറങ്ങുന്നത്‌.  2019 സിബിഎസ്‌ഇ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. ആ പ്രകടനം തിരുവനന്തപുരത്തും ആവർത്തിക്കാനാകും ശ്രമം. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡൽ നേടുകമാത്രമല്ല, പാരാലിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ നേടുകകൂടിയാണ്‌ ലക്ഷ്യം.  വെളിയങ്കോട്‌ ഉമരി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത്‌ അതിവേഗത്തിൽ ഫുട്‌ബോൾ കളിക്കുന്ന ബാസിലിനെ അവിടുത്തെ കായികാധ്യാപകനായ കെ വി അനസാണ്‌ അത്‌ലറ്റിക്‌സിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌. പത്താം ക്ലാസ്‌ കഴിഞ്ഞപ്പോൾ പൊന്നാനി എംഐ ബോയ്‌സ്‌ സ്‌കൂളിലേക്ക്‌ മാറിയെങ്കിലും അനസ്‌ തന്നെയാണ്‌ ഇപ്പോഴും പരിശീലകൻ. പൊന്നാനി പള്ളിപ്രം കളത്തിങ്കൽ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനാണ്‌.   Read on deshabhimani.com

Related News