മലപ്പുറത്തെ മെസിയെയും 
നെയ്‌മറെയുംതേടി മദ്രാസ് എഫ്‌സി



 മലപ്പുറം പ്രതിഭയുള്ള കുരുന്നു ഫുട്‌ബോൾ താരങ്ങളെതേടി മദ്രാസ് എഫ്സി കേരളത്തിൽ. മലപ്പുറം വെയ്ക് അപ് അക്കാദമിയുമായി സഹകരിച്ചാണിത്‌. പ്രീ സീസൺ പരിശീലനഭാഗമായി   മദ്രാസ്‌ എഫ്സിയുടെ   കുട്ടികൾക്ക്  വെയ്ക് അപ് അക്കാദമിയുടെ ഹോം ഗ്രൗണ്ടായ എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തിൽ പരിശീലനം തുടങ്ങി. ദിവസവും  ജില്ലയിലെ വിവിധ അക്കാദമികളുമായി മദ്രാസ്‌ എഫ്‌സി സൗഹൃദ മത്സരം കളിക്കുന്നുണ്ട്‌. അതിന്‌ എത്തുന്ന ക്ലബ്ബുകളിലെ താരങ്ങളെയും അക്കാദമി പരിശീലകർ നോട്ടമിടുന്നു.  അണ്ടർ 15, അണ്ടർ 13 വിഭാഗങ്ങളിലായി 60 താരങ്ങളാണ്‌ നിലവിൽ മദ്രാസ്‌ എഫ്‌സിയിലുള്ളത്‌. ഇതിൽ 16 പേർ മലയാളികളാണ്‌.  മലയാളികളുടെ ഫുട്‌ബോളിനോടുള്ള സ്‌നേഹം നേരിട്ട്‌ അനുഭവിക്കാൻ കഴിഞ്ഞുവെന്ന്‌ അക്കാദമി ടെക്‌നിക്കൽ ഡയറക്ടറായ ജെർമി ഫിഷ്‌ബെൻ (അമേരിക്ക) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച കളിക്കാരെ വളർത്തിയെടുക്കാനാണ്‌ ശ്രമം–-ജെർമി പറഞ്ഞു. പരിശീലകരായ രമേഷ് ബിസ്ത, ഒഥല്ലോ താബിയ, വെയ്ക് അപ് ഫുട്‌ബോൾ അക്കാദമി മാനേജിങ്‌ ഡയറക്ടർ നാസർ കാപ്പോത്ത്‌, മാനേജർ പി അഭിലാഷ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News