കാടിന്റെ മക്കളും ഭൂമിയുടെ അവകാശികളാകും



എടക്കര  ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗ വിഭാഗ കുടുംബങ്ങൾക്ക് ഭൂമി നൽകാനുള്ള നടപടി തുടങ്ങി. ജില്ലയിൽ ഭൂരഹിതരായ 747 പേരിൽനിന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി സൂക്ഷ്മ പരിശോധന നടത്തിയാണ് അന്തിമ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നത്.  വെള്ളിയാഴ്‌ച  നിലമ്പൂർ മുനിസിപ്പൽ ഹാളിൽ സൂക്ഷ്മ പരിശോധന ആരംഭിക്കും. 22ന് സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച് അന്തിമ പട്ടിക സർക്കാരിന് സമർപ്പിക്കും. നിലമ്പൂർ, പുള്ളിപ്പാടം, എടക്കര, അകമ്പാടം, ചുങ്കത്തറ, കുറുമ്പലങ്കോട്, വഴിക്കടവ്, പോത്ത്കല്ല്, ചോക്കാട്, കരുളായി, അമരമ്പലം, മൂത്തേടം, മമ്പാട്, വെറ്റിലപ്പാറ, വണ്ടൂർ വില്ലേജുകൾക്കുകീഴിലാണ് അന്തിമ ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കുന്നത്.  പി വി അൻവർ എംഎൽഎയുടെ  ഇടപെടലിൽ പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ എന്നിവർ ഇടപെട്ടാണ് ഭൂമി വിതരണ നടപടികൾ വേഗത്തിലാക്കിയത്. 203. 64 ഹെക്ടർ വനഭൂമിയാണ് ജില്ലയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് വിതരണംചെയ്യാൻ അനുവദിച്ചത്. 109. 259 ഹെക്ടർ നിക്ഷിപ്ത വനഭൂമികൂടി റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ ഭൂമികളിൽനിന്ന്‌ 10 ഹെക്ടർ കണ്ണൻകുണ്ട് തേക്ക് തോട്ടം 34 പേർക്ക് 50 സെന്റ് വീതം അനുവദിച്ചിരുന്നു. ജനുവരിയിൽ  ഭൂമി വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും.  ജില്ലയിൽ അപേക്ഷ സമർപ്പിച്ച മുഴുവൻ ട്രൈബൽ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.   Read on deshabhimani.com

Related News