കേന്ദ്രത്തിനെതിരെ 
മിണ്ടാതെ എംപി മടങ്ങി



കൽപ്പറ്റ   ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ്‌ മറികടക്കാൻ നിയമനിർമാണത്തിന്‌ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന്‌ ഉറപ്പുനൽകാതെ വയനാട്‌ എംപി ജില്ലയിൽനിന്ന്‌ മടങ്ങി. വെള്ളി, ശനി ദിവസങ്ങളിലായി ജില്ലയിൽ പങ്കെടുത്ത മൂന്ന്‌ പരിപാടികളിലും കേന്ദ്രത്തിനെതിരെ കാര്യമായി ഒരു വിമർശവും നടത്താതെയാണ്‌ രാഹുൽഗാന്ധി എംപി വയനാട്‌ വിട്ടത്‌. വനമേഖലയോടുചേർന്ന ഒരു കിലോമീറ്റർ ജനവാസമേഖല ബഫർസോൺ ആയി പ്രഖ്യാപിച്ച കോടതി വിധിയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തലയിലിട്ട്‌ മുഖം രക്ഷിക്കാനുള്ള വിഫല ശ്രമവും എംപി നടത്തി.  വെള്ളി രാവിലെ മാനന്തവാടിയിൽ നടന്ന പരിപാടിയിൽ ബഫർസോൺ വിഷയത്തെക്കുറിച്ച്‌ മിണ്ടിയതുപോലുമില്ല. വൈകിട്ട്‌ ബത്തേരിയിൽ ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്‌ ഉദ്‌ഘാടനംചെയ്‌ത്‌ നടത്തിയ പ്രസംഗത്തിലും നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ കാര്യമായി ഒന്നും പറഞ്ഞില്ല. പാർലമെന്റംഗം എന്ന നിലയിൽ വിഷയത്തിൽ ഇതുവരെ നടത്തിയ ഇടപെടൽ വിശദീകരിക്കാനും അദ്ദേഹത്തിനായില്ല. നേരാംവണ്ണം പാർലമെന്റിൽ പോകാത്ത എംപിക്ക്‌ ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ജൂൺ എട്ടിന് കത്ത്‌ അയച്ചിരുന്നതായും അതിന് മറുപടി ലഭിച്ചില്ലെന്ന നുണയും രാഹുൽ തട്ടിവിട്ടു. 23ന് ഈ വിഷയത്തിൽ മുഖ്യമന്ത്രി രാഹുൽഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ട്. ആ കാര്യം മറച്ചുവച്ചായിരുന്നു നുണ തട്ടിവിട്ടത്‌. മാത്രവുമല്ല, മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷമാണ്‌ പ്രധാനമന്ത്രിക്ക്‌ രാഹുൽ കത്തയച്ചതുപോലും. ബഫർസോൺ വിഷയത്തിൽ കാര്യമായ ഇടപെടൽ എംപി നടത്തിയിട്ടില്ലെന്ന്‌ വ്യക്തമായിട്ടും ജാള്യം മറയ്‌ക്കാൻ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.   വയനാട്ടിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടശേഷം മണ്ഡലവുമായി ബന്ധപ്പെട്ട്‌ ആകെ ഒരു ചോദ്യം മാത്രമാണ്‌ അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചത്‌. മൂന്നര വർഷത്തിനിടെ 56 ശതമാനമാണ്‌ അദ്ദേഹത്തിന്റെ ഹാജർ ശരാശരി. അഞ്ച്‌ ചർച്ചയിലാണ്‌ ആകെ പങ്കെടുത്തത്‌.  സംസ്ഥാനത്തെ ഏക ഇടതുപക്ഷ അംഗമായ എ എം ആരിഫ്‌ 77 ചർച്ചയിൽ പങ്കെടുത്തപ്പോഴാണ്‌ രാഹുൽഗാന്ധിയുടെ ഈ അവസ്ഥ. വസ്‌തുത ഇതായിരിക്കെ ബഫർസോൺ വിഷയത്തിൽ കണ്ണടച്ച്‌ ഇരുട്ടാക്കാനുള്ള ശ്രമമാണ്‌ എംപിയും ജില്ലയിലെ യൂഡിഎഫും നടത്തുന്നത്‌. Read on deshabhimani.com

Related News