പൂപ്പൽ രോഗബാധ: തിയേറ്റർ അടച്ചു



കോഴിക്കോട് പൂപ്പൽ രോഗബാധയെത്തുടർന്ന് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ നടത്തുന്ന തിയേറ്റർ താൽക്കാലികമായി അടച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയേറ്ററാണ് അറ്റകുറ്റപ്പണിക്കായി ഒരാഴ്ചത്തേക്ക് അടച്ചത്. രണ്ട് രോഗികൾക്കാണ് പൂപ്പൽബാധ ഉണ്ടായത്. വൃക്ക മാറ്റിവച്ച ഒരു രോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തിൽ നിറവ്യത്യാസം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫംഗൽ ഇൻഫക്ഷൻ (പൂപ്പൽ ബാധ) കണ്ടെത്തുകയായിരുന്നു. തുടർന്ന് രോഗിയെ പേവാർഡിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ മറ്റൊരു രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. പേവാർഡിലേക്ക് മാറ്റിയ രോഗി സുഖംപ്രാപിച്ച് ഡിസ്ചാർജ് ചെയ്തു.   അവയവമാറ്റ ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാനായി കാർഡിയോ തെറാസിക്, ഗ്യാസ്‌ട്രോ സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ തിയേറ്റർ ഒഴിവനുസരിച്ച് ഉപയോഗിക്കാൻ ക്രമീകരണം നടത്തിയിട്ടുണ്ട്. പൂപ്പൽബാധയുണ്ടായ തിയേറ്ററിൽ മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി. എയർ കണ്ടീഷനിൽനിന്നുണ്ടാകുന്ന ചോർച്ചമൂലമുള്ള നനവ്, ചുമരിലെ പൂപ്പൽ എന്നിവയിൽനിന്നാവും ഫംഗൽ ഇൻഫക്ഷൻ ഉണ്ടാകുന്നതെന്നാണ് നിഗമനം. Read on deshabhimani.com

Related News