കുട്ടികൾ ശേഖരിച്ചത്‌ 65,000 മാങ്ങായണ്ടി

പിലിക്കോട്‌ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കുട്ടികൾ ശേഖരിച്ച മാങ്ങായണ്ടി വിത്തുകളിൽ ഗ്രാഫ്‌റ്റിങ്ങ്‌ 
പരിശീലനം നടത്തുന്നു.


ചെറുവത്തൂർ കുഞ്ഞിളം കൈകൾ പെറുക്കിയെടുത്തത്‌ 65,000 മാങ്ങായണ്ടി വിത്തുകൾ. പിലിക്കോട്‌ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം നടപ്പാക്കിയ മാങ്ങായണ്ടി വിത്ത്‌ ശേഖരണത്തിന്റെ ഭാഗമായാണ്‌ വിദ്യാർഥികൾ മാങ്ങായണ്ടി ശേഖരിച്ചത്‌. സ്‌കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു  പദ്ധതി നടപ്പാക്കിയത്‌.  വിദ്യാർഥികൾ മാങ്ങായണ്ടി ശേഖരിച്ച്‌ സ്‌കൂൾ അധികൃതരെ ഏൽപ്പിക്കണം. ഒരു വിത്തിന്‌ അമ്പത്‌ പൈസ നിരക്കിൽ പിടിഎ എക്കൗണ്ടിലൂടെ കുട്ടികൾക്ക്‌ നൽകും. അധ്യാപകരുടെ മികച്ച പിന്തുണയോടെ കുട്ടികൾ വിത്ത്‌ ശേഖരിച്ച്‌ സ്‌കൂളിലെത്തിച്ചു. സ്‌കൂൾ അധികൃതർ പിലിക്കോട്‌ കാർഷിക കേന്ദ്രത്തിന്‌ കൈമാറി. ലഭിച്ച വിത്തുകൾ ഗ്രാഫ്‌റ്റ്‌ ചെയ്‌തതിനു ശേഷം ഫാമിൽ മുളപ്പിക്കാൻ പാകിയിരിക്കുകയാണിപ്പോൾ. മുളപ്പിച്ചവ ബാഗിലാക്കി ഇനി ഫാം വിൽപനശാല വഴി കർഷകർക്ക്‌ നൽകും. വിദ്യാർഥികൾക്കായി രണ്ടു ദിവസ ഗ്രാഫ്‌റ്റിങ്ങ്‌ പരിശീലനവും പൂർത്തിയായി. ഇവർക്കുള്ള സർടിഫിക്കറ്റ്‌  ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹകരണത്തോടെ അടുത്ത മാസം ഫാമിൽ നടക്കുന്ന നാട്ടുത്സവത്തിൽ വിതരണം ചെയ്യും. വീട്ടുവളപ്പിലെ നാട്ടുമാവുകളുടെ വിവര ശേഖരണവും പദ്ധതിയിൽ ഉൾപെടുത്തിയിരുന്നു. ഇതും പുരോഗമിക്കുകയാണ്‌.   നാട്ടുമാവിൻ കൊമ്പുകൾ ശേഖരിച്ചാണ്‌ ഗ്രാഫ്റ്റിങ്‌. മാങ്ങയണ്ടിക്കുള്ള തുക ജുലൈ അവസാനത്തോടെ അതാത്‌ പിടിഎ എക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്ന്‌ കാർഷിക ഗവേഷണകേന്ദ്രം അധികൃതർ പറഞ്ഞു. 15 വരെ വിത്ത്‌ ശേഖരണ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ട്‌.    Read on deshabhimani.com

Related News