കാറിൽ തട്ടിക്കൊണ്ടുപോയി 
മർദനം: 3 പേർ റിമാൻഡിൽ



മാട്ടൂൽ  മടക്കരയിലെ മൂന്നുപേരെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ റിമാൻഡിൽ. അരോളി കല്ലൂരിക്കടവിലെ പൊയ്യക്കൽ പുതി സുഹൈൽ (31), കണ്ണൂർ സിറ്റിയിലെ എസ് കെ നിസാമുദീൻ (32), അരോളി ഗവ. സ്കൂളിനടുത്ത് കെ കെ മുഹമ്മദ് ഷാനിദ് (21) എന്നിവരെയാണ്  റിമാൻഡ്‌ ചെയ്‌തത്.  മടക്കരയിലെ പി സവാദിന്റെ പരാതിയിലാണ്‌ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. അക്രമി സംഘത്തിലെ രണ്ടുപേർകൂടി പിടിയിലാകാനുണ്ട്.    പ്രിൻസിപ്പൽ എസ്ഐ വി ആർ വിനീഷിന്റെ നേതൃത്വത്തിൽ എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ റഷീദ് നാറാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച  കാറും കസ്റ്റഡിയിലെടുത്തു.   ജുനൈദ് എന്നയാളുടെ കാർ ലീസിന് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്‌ സുഹൃത്തുക്കളും മടക്കര സ്വദേശികളുമായ  മസാഫ് (18), മുഹമ്മദ് ഷെരീഫ് (18) എന്നിവരെയും ഒരു പതിനേഴുകാരനെയും കാറിൽ തട്ടിക്കൊണ്ടുപോയി ഇരുട്ട് മുറിയിലിട്ട് മർദ്ദിച്ചെന്നാണ്‌ കേസ്‌. കഴിഞ്ഞ ദിവസമാണ് സംഭവം.  പ്രതികൾ പണം കടം നൽകിയതിനുപകരം ജുനൈദ്‌ കാർ ലീസിന് നൽകുകയായിരുന്നു. ഈ കാർ എറണാകുളത്ത് അപകടത്തിൽപ്പെട്ടു. കാർ നന്നാക്കാൻ നാല് ലക്ഷം രൂപ  നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. കാർ സ്വന്തമായെടുത്ത് ബാക്കി പണം തിരിച്ചുനൽകിയാൽ മതിയെന്ന് ജുനൈദ് പറഞ്ഞെങ്കിലും പ്രതികൾ വഴങ്ങിയില്ല.  Read on deshabhimani.com

Related News