വിനോദ സഞ്ചാര സൗഹൃദമാകാൻ കോവളത്തെ ടാക്സികൾ



കോവളം കോവളം ബീച്ചിൽ വിനോദ സഞ്ചാരി സൗഹൃദ ടാക്സി സർവീസ് സംവിധാനം വരുന്നു. വിദേശികളുൾപ്പെടെയുള്ള സഞ്ചാരികളോട് ഏറ്റവും നന്നായി പെരുമാറുന്ന ടാക്സി ഡ്രൈവർക്ക് റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ മികച്ച സേവനത്തിനുള്ള ഗോൾഡൻ ബാഡ്ജ് നൽകും. മോശമായി പെരുമാറുന്ന ആൾക്കെതിരെ ബന്ധപ്പെട്ട സമിതി ശുപാർശ അനുസരിച്ച്‌ നടപടിയെടുക്കാനും കഴിഞ്ഞ ദിവസം കലക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആദ്യ ഘട്ടമായി 18 ന് ഓട്ടോ ടാക്സി ഡ്രൈവർമാർക്കായി പൊലീസ്, ആർടിഒ, ടൂറിസം എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തും.  കഴിഞ്ഞ 24 ന് കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ സവാരിയെ ചൊല്ലി സ്വകാര്യ വാഹനത്തിന്റെയും ടാക്സിയുടെയും ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷം തീർക്കാൻ ശ്രമിക്കുന്നതിനിടെ നെതർലൻഡ്സ് സഞ്ചാരി കാൽവിൻ സ്കോൾട്ടൺ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വെള്ളിയാഴ്ചത്തെ യോഗം. ടാക്സി ഡ്രൈവർമാർക്ക് ടൂറിസ്റ്റുകളോടുള്ള ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദ പരിശീലനം നൽകും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തിരിച്ചറിയിൽ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഇതിനൊപ്പം ഇവരുടെ പ്രവർത്തന വിലയിരുത്തലിനായി നിശ്ചിത കാലത്തേക്ക് റേറ്റിങ് സംവിധാനം  ഏർപ്പെടുത്തും. ഇത്തരം ടാക്സികളിലെ  യാത്രക്കാർക്ക് ഡ്രൈവിങ് സീറ്റിനു പിന്നിലെ ക്യു ആർ കോഡ് വഴി പ്രതികരണം രേഖപ്പെടുത്താം. ടാക്സി യൂണിയൻ പ്രതിനിധികളുൾപ്പെട്ട എക്സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാകും നടപടി. നിയമവിരുദ്ധ ടാക്സികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ആർടിഒയ്‌ക്കു കലക്ടർ നിർദേശം നൽകി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News