ആലപ്പുഴ നഗരസഭ ഒന്നാമത്‌



ആലപ്പുഴ കഴിഞ്ഞ സാമ്പത്തികവർഷത്തെ പദ്ധതിവിഹിതത്തിൽ സംസ്ഥാനത്തെ 87 നഗരസഭകളിൽ ഏറ്റവുമധികം പദ്ധതി തുക ചെലവിട്ട് ആലപ്പുഴ നഗരസഭ ഒന്നാമതെത്തി. 23.59 കോടി രൂപ ചെലവിട്ടാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. 20.44 കോടി രൂപ ചെലവിട്ട് കോട്ടയവും 18.70 കോടി ചെലവിട്ട് പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.  17.47 കോടി ചെലവിട്ട് 104.24 ശതമാനം കൈവരിച്ച് നെയ്യാറ്റിൻകര നഗരസഭയാണ് ശതമാനക്കണക്കിൽ സംസ്ഥാനത്ത് ഒന്നാമത്. 11.44 കോടി ചെലവിട്ട്  99.31 ശതമാനം പൂർത്തീകരിച്ച് കായംകുളം നഗരസഭ രണ്ടാമതും 3.62 കോടി ചെലവിൽ 98.91 ശതമാനം കൈവരിച്ച് പാലാ മൂന്നാമതുമെത്തി.     ജില്ലയിൽ കായംകുളം നഗരസഭ 11.44 കോടി ചെലവിട്ട് 99.3 ശതമാനംപദ്ധതി പൂർത്തീകരിച്ച് ശതമാനക്കണക്കിൽ ഒന്നാമതും ആലപ്പുഴ 23.59 കോടി ചെലവിട്ട് 83.89 ശതമാനം പദ്ധതി പൂർത്തീകരിച്ച് രണ്ടാമതും എത്തി. ചേർത്തല 8.17 കോടി ചെലവിൽ 81.62 ശതമാനവും ചെങ്ങന്നൂർ 3.94 കോടി ചെലവിൽ 82.43 ശതമാനവും ഹരിപ്പാട് 2.53 കോടി ചെലവിൽ   61.26 ശതമാനം പദ്ധതിയും പൂർത്തിയാക്കി. മാർച്ച് ആദ്യം നഗരസഭ സെക്രട്ടറി ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോയതടക്കം നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ആലപ്പുഴ നഗരസഭ ഈ നേട്ടം കൈവരിച്ചതെന്നും ഇതിനായി സഹായിച്ച ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നുവെന്നും നഗരസഭ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു. Read on deshabhimani.com

Related News