ബിലാത്തികുളം നവീകരണം അന്തിമഘട്ടത്തിലേക്ക്‌

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ബിലാത്തികുളം സന്ദർശിക്കുന്നു


വെസ്റ്റ്ഹിൽ ബിലാത്തികുളം നവീകരണത്തിന്റെ അവസാനഘട്ട പ്രവൃത്തി തുടങ്ങി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമൊപ്പം പ്രവൃത്തി പുരോഗതി വിലയിരുത്തി. മഴയെത്തുന്നതിനുമുമ്പ് നവീകരണം പൂർത്തിയാക്കാൻ കരാറുകാർക്ക് എംഎൽഎ നിർദേശം നൽകി. എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവിട്ടാണ് കുളം നവീകരിക്കുന്നത്.  കുളങ്ങളും ജലാശയങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായി ജലസേചനവകുപ്പാണ് 70 ലക്ഷം രൂപ ചെലവിട്ട് കുളത്തിന്റെ വടക്ക് തെക്കുവശങ്ങൾ ആദ്യഘട്ടത്തിൽ നവീകരിച്ചത്. ശിവക്ഷേത്രത്തോടുചേർന്ന കിഴക്കുഭാഗത്തെയും ബാക്കിയുള്ള പാർശ്വഭിത്തികളുടെയും പ്രവൃത്തിയാണ് അവസാനഘട്ടത്തിൽ പൂർത്തീകരിക്കുക. പൊട്ടിയതും പൊളിഞ്ഞതുമായ കല്ലുകൾ മുഴുവൻ നീക്കി പടവുകൾ പുതുതായി പണിയും. കുളത്തിലേക്ക് ആനയിറങ്ങുന്ന ഭാഗത്തുള്ള തർക്കം പരിഹരിക്കാൻ ബിലാത്തികുളം ക്ഷേത്രകമ്മിറ്റിയോട് എംഎൽഎ ആവശ്യപ്പെട്ടു. കാസ്റ്റ്അയേണും ചെങ്കല്ലും ഉപയോഗിച്ച് 3 ഭാഗവും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. കുളത്തിന് ചുറ്റും ചെറിയ നടപ്പാതയും ചെങ്കല്ലിൽ നിർമിക്കും. ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ കെ സത്യൻ, അസിസ്റ്റന്റ് എൻജിനിയർ പി രസ്‌ന, ഓവർസിയർ രജീഷ്, കരാറുകാർ, ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്തോഷ്, ട്രസ്റ്റ് ബോർഡ് ചെയർമാൻ സത്യനാഥൻ, വി പി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെ         ടുത്തു.   Read on deshabhimani.com

Related News