പാസ്റ്ററെ ആക്രമിച്ച 
3 ആർഎസ്‌എസുകാർ അറസ്റ്റിൽ

പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ച കേസിൽ പിടിയിലായ പ്രതികൾ


ശൂരനാട് പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ മൂന്ന്‌ ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരിഭവനത്തിൽ ഹരിപ്രസാദ് (35), കടത്തൂർ ദേവീവിലാസത്തിൽ നന്ദു (22) എന്നിവരാണ് അറസ്റ്റിലായത്. മൂവരും സജീവ ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌.  കരുനാഗപ്പള്ളി  വവ്വാക്കാവിനു സമീപം ജനുവരി 15നായിരുന്നു സംഭവം. പെന്തകോസ്തു സഭ പാസ്റ്റർ മൈനാഗപ്പള്ളി കടപ്പ ബഥേൽ വീട്ടിൽ റെജി പാപ്പച്ചനും (55) കുടുംബവുമാണ്‌ ആക്രമിക്കപ്പെട്ടത്. വവ്വാക്കാവിനു സമീപത്തെ കശുവണ്ടി ഫാക്ടറിവളപ്പിലെ കെട്ടിടത്തിൽ ഉടമയുടെ അനുമതിയോടെ ഒരു മാസമായി റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തകോസ്ത് സഭയുടെ പ്രാർഥന നടന്നിരുന്നു. എന്നാൽ, ഉടമയുടെ ചില ബന്ധുക്കൾ ഇതിലുള്ള വിരോധം കാരണം ആക്രമിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു. ഇവരുടെ നിർദേശപ്രകാരമാണ് അക്രമികൾ മതിൽചാടി ഫാക്ടറിക്കുള്ളിൽക്കടന്ന്‌ പാസ്റ്ററെയും ഭാര്യ ജോളമ്മയെയും ഭാര്യാമാതാവിനെയും മർദ്ദിച്ചത്‌. ആക്രമണത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത എല്ലാവരെയും തിരിച്ചറിഞ്ഞതായും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഓച്ചിറ ഇൻസ്പെക്ടർ എ നിസാമുദീന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിയാസ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, അനി, വിഷാന്ത്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News