ഡ്രൈ ഡേയിൽ 50 ലിറ്റര്‍ 
വിദേശമദ്യവുമായി യുവാവ് പിടിയില്‍



ഇരവിപുരം വില്‍പ്പനക്കായി സൂക്ഷിച്ച 50 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ്‌ അറസ്‌റ്റിൽ. പുന്തലത്താഴം പ്ലാവിള വീട്ടില്‍ സുജിത്ത്(40) ആണ് പിടിയിലായത്‌. ദീര്‍ഘകാലമായി ഇയാൾ ഇരവിപുരം പൊലീസിന്റെയും ജില്ലാ ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്നു. ഡ്രൈഡേ മുന്‍കൂട്ടി കണ്ട് പല തവണകളിലായി വാങ്ങി സൂക്ഷിച്ച 99 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് ഇയാളില്‍നിന്നും പിടികൂടിയത്. കൊല്ലം പുന്തലത്താഴം പഞ്ചായത്തുവിളഭാഗത്ത് ഇലക്ട്രിക്കല്‍ കട നടത്തുന്ന പ്രതി പലപ്പോഴായി ബിവറേജ്സ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റിൽനിന്നും വാങ്ങുന്ന മദ്യം ഡ്രൈഡേ ദിനങ്ങളില്‍ ഇരട്ടി വിലയ്ക്ക്‌ വില്‍പ്പന നടത്തി വരികയായിരുന്നു.  കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. അരലിറ്ററിന്റെ 98 കുപ്പികളും, ഒരു ലിറ്ററിന്റെ ഒരു കുപ്പിയും ഉൾപ്പെടെ 50 ലിറ്റര്‍ വിദേശ മദ്യമാണ് പ്രതിയുടെ പക്കല്‍നിന്നും പൊലീസ് കണ്ടെടുത്തത്. കൊല്ലം എസിപി അഭിലാഷിന്റെ മേല്‍നോട്ടത്തിലും ഇരവിപുരം ഇന്‍സ്പെക്ടര്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തിലും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആര്‍ ജയകുമാര്‍, ഇരവിപുരം എസ്ഐ ദിലീപ്, സിപിഒമാരായ വിഷ്ണു, വിക്ടര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ പൊലീസ്‌ സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News