നാടൊരുങ്ങി, ചിത്രയ്‌ക്കും ലേഖയ്‌ക്കും വിവാഹമായി



കൊല്ലം അമ്മയുടെ വേർപാട്‌ നൽകിയ അനാഥത്വം ഇരട്ട സഹോദരിമാരായ ചിത്രയ്‌ക്കും ലേഖയ്‌ക്കും സമ്മാനിച്ചത്‌ കല്ലുംമുള്ളും നിറഞ്ഞ ജീവിതം. എന്നാൽ, ഇന്നതല്ല സ്ഥിതി. കൊല്ലം മഹിളാ മന്ദിരത്തിൽ കഴിയുന്ന ഇവരുടെ ജീവിത സ്വപ്‌നങ്ങൾ നിറമുള്ളതായിമാറി. ഇരുപത്തൊന്നുകാരായ വലിയപാടം കിഴക്ക്‌ ചിത്രനിവാസിൽ എസ്‌ ചിത്രയും എസ്‌ ലേഖയും പഞ്ചായത്തിന്റെയും നാടിന്റെയും കരുതലിൽ ഈമാസം ഒമ്പതിന്‌ വിവാഹിതരാകുകയാണ്‌. പഞ്ചായത്ത്‌ ആയുർവേദ ഹാളിൽ ഒരുക്കുന്ന താൽക്കാലിക മണ്ഡപത്തിൽ രാവിലെ 10നും 12നും മധ്യേയാണ്‌ വിവാഹം. മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കതിൽ എൽ ശശിയുടെയും എസ്‌ ഷീലയുടെയും മകൻ ശ്യാം ലേഖയ്ക്കും കുന്നത്തൂർ പുത്തനമ്പലം ശാന്തിഭവനിൽ കനകരാജന്റെയും -ശാന്തിയുടെയും മകൻ കപിൽരാജ്‌ ചിത്രയ്ക്കും മിന്നുകെട്ടും. പതിനൊന്ന്‌ വയസ്സുള്ളപ്പോഴാണ്‌ ഈ സഹോദരിമാരുടെ അമ്മ സുശീല മരിച്ചത്‌. അച്ഛൻ ഇവരുടെ ജീവിതത്തിന്‌ താങ്ങും തണലുമായില്ല. ആശ്രയമായിരുന്ന അമ്മൂമ്മയും ഒന്നരക്കൊല്ലം മുമ്പ്‌ മരിച്ചു. അതോടെയാണ്‌ ഇവരുടെ ജീവിതം ഇരുളടഞ്ഞത്‌. ഇതോടെ സംരക്ഷണകവചം ഒരുക്കി പടിഞ്ഞാറെകല്ലട പഞ്ചായത്ത്‌ മുന്നോട്ടുവന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഉണ്ണിക്കൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെത്തുടർന്ന് ഇവരെ കൊല്ലം മഹിളാ മന്ദിരത്തിലേക്കു മാറ്റി. ഇരട്ട സഹോദരിമാരുടെ ജീവിതപങ്കാളികളാകാൻ മുന്നോട്ടുവന്ന ശ്യാമും കപിൽരാജും ഇന്ന്‌ നാടിന്റെ അഭിമാനമാണ്‌. ശാസ്‌താംകോട്ടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ കപിൽരാജും ചിത്രയും പ്ലസ്‌ടു വിദ്യർഥികളായിരുന്നു. കപിലിന്റെ സുഹൃത്താണ്‌ ശ്യാം. വിവാഹത്തിനായി നാടൊന്നാകെ കൈകോർത്തു. ഒരുക്കങ്ങൾക്കും വിവാഹച്ചെലവ്‌ പൂർണമായി വഹിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. സ്ഥിരംസമിതി ചെയർമാൻ കെ സുധീർ ആണ്‌ കൺവീനർ.  ക്ഷണക്കത്തും അച്ചടിച്ചു. വിവാഹത്തിന്‌ സാക്ഷിയാകാൻ കലക്ടർ അഫ്‌സാന പർവീൺ, കൊടിക്കുന്നിൽ സുരേഷ്‌ എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ–- സാംസ്‌കാരിക പ്രവർത്തകരും എത്തിച്ചേരും. Read on deshabhimani.com

Related News