എപ്പോഴാണീ ദുരിതത്തിന്‌ അറുതിയാവുക

മുട്ടിൽ തെക്കംപാടിയിലെ ശ്‌മശാനത്തിലേക്ക്‌ പുഴയിലൂടെ മൃതദേഹവുമായി പോകുന്നവർ


മുട്ടിൽ  മുട്ടിൽ  പഞ്ചായത്തിലെ പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്‌ കാൽനടയായി പുഴയിലൂടെ ഇറങ്ങി സഞ്ചരിച്ച്.  പുഴക്കു കുറുകെ പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള  ആവശ്യത്തിന്‌  ഇതുവരെ പരിഹാരമായിട്ടില്ല. തെക്കംപാടിയിലാണ്‌ ഈ പൊതുശ്‌മശാനം.   കഴിഞ്ഞദിവസം മുട്ടിലിൽ മരണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മറവ് ചെയ്യാൻ കൊണ്ടു പോയത് അരയോളം വെള്ളമുള്ള പുഴയിലൂടെ മൃതദേഹം ചുമലിലേറ്റിയാണ്. ചെളിയായതിനാൽ പുഴയലൂടെ  മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർക്ക്‌  ഭയമാണ്‌. മഴക്കാലമായാൽ കാര്യങ്ങൾ കൂടുതൽ  ദുസ്സഹമാകും. പുഴയിൽ വെള്ളം കയറും.  കിലോമീറ്ററുകൾ ചുറ്റിയാണ് മൃതദേഹം പൊതുശ്മശാനത്തിൽ എത്തിക്കുക. പുഴയുടെ അടുത്തു വരെയെത്തുന്ന റോഡും ചെളിക്കുളമാകും.  പഞ്ചായത്തിലെ 7 വാർഡിലാണ്  പൊതുശ്മശാനം.  15–-ാം  വാർഡിൽനിന്നും 7–-ാം വാർഡിനെ ബന്ധിപ്പിക്കുന്ന പാലം വേണമെന്ന ആവശ്യമാണുയരുന്നത്‌.  ആദിവാസി വിഭാഗത്തിൽപെട്ടവരെയാണ് കൂടുതലായി മറവ് ചെയ്യുന്നത്.  നിരവധിതവണ അധികൃതരെ സമീപിച്ചെങ്കിലും  ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്‌. വർഷങ്ങൾക്കു മുമ്പ് സ്വകാര്യവ്യക്തി ദാനം നൽകിയ അരയേക്കറിലാണ്‌ പൊതുശ്മശാനമുള്ളത്. കാട് കയറിയും, സംരക്ഷണഭിത്തി ഇല്ലാതെയും  നശിക്കുകയാണ്. സംരക്ഷിക്കാനുള്ള നടപടിയൊന്നും പഞ്ചായത്ത് സ്വീകരിക്കുന്നില്ല. മൃതദേഹം വെക്കാൻ ഷെഡ്ഡ് പോലുള്ള സംവിധാനവുമില്ല.  പാലം വന്നാൽ പുഴക്കരെ താമസിക്കുന്ന കുടുംബങ്ങൾക്കും യാത്രയ്‌ക്കും  സഹായകമാകും.  പൊതുശ്മശാനം വൃത്തിയായി സംരക്ഷിക്കാനും  പുഴയക്ക്‌ കുറുകെ പാലം നിർമിക്കാനും പഞ്ചായത്തധികൃതർ തയ്യാറാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.  അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ  പറഞ്ഞു.  Read on deshabhimani.com

Related News