ഗ്രന്ഥശാലകളെ ഒരുക്കാന്‍ പുസ്തക ചലഞ്ച്‌

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള പുസ്തക ചലഞ്ച് ക്യാമ്പയിൻ കലക്ടർ എ ഗീത
 ഉദ്‌ഘാടനം ചെയ്യുന്നു


കൽപ്പറ്റ പുതുതായി ആരംഭിക്കുന്ന ഗ്രന്ഥശാലകളിലേക്ക് പുസ്തകം ശേഖരിക്കുന്നതിനായി ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചലഞ്ച് ക്യാമ്പയിൻ ആരംഭിച്ചു. ഗോത്രവർഗ മേഖലകളിൽ ഊന്നൽ നൽകിയാണ് ഗ്രന്ഥശാലകൾ ഒരുങ്ങുന്നത്.  ജില്ലാ കലക്ടർ എ ഗീത ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീറിന് പുസ്തകങ്ങൾ നൽകി ഉദ്‌ഘാടനം ചെയ്‌തു.    ലൈബ്രറി കൗൺസിലിൽ അംഗീകാരമുള്ള 200 ലൈബ്രറികളാണ് ജില്ലയിലുള്ളത്. കൂടുതൽ അംഗീകാരമുള്ള ഗ്രന്ഥശാലകൾ ജില്ലയിലെ എല്ലാ വാർഡുകളിലും, പ്രദേശങ്ങളിലും ഒരുക്കി ഗ്രന്ഥശാല സേവനങ്ങൾ നൽകാനാണ് ലൈബ്രറി കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതിനായി 100 ഗ്രന്ഥശാലകൾ  ഈ വർഷം ആരംഭിക്കും. വായനശാലകൾക്ക് ലൈബ്രറി കൗൺസിലിൽ അംഗീകാരം ലഭിക്കാൻ കുറഞ്ഞത് 1000 പുസ്തകങ്ങൾ വേണം. ഇത് സമാഹരിക്കുകയാണ്‌ ചലഞ്ചിന്റെ ലക്ഷ്യം.  22ന് താലൂക്ക് തലത്തിലും 26ന് ഗ്രന്ഥശാലകളിലും പുസ്തക ചലഞ്ച് ഉദ്ഘാടനം നടക്കും.   30ന് പുസ്തക സമാഹരണ ദിനമായി  എല്ലാ ഗ്രന്ഥശാലകളിലും ആചരിക്കും. ഫെബ്രുവരി 13ന്   വായനശാലകൾ ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറി കൗൺസിലിൽ ഏറ്റുവാങ്ങും. സംസ്ഥാന ലൈബ്രറി കൗൺസിലിൽ അംഗം എ ടി ഷൺമുഖൻ, ജില്ലാ ലൈബ്രറി  കൗൺസിൽ സെക്രട്ടറി പി കെ സുധീർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ കെ രാജേഷ്, പി സുരേഷ് ബാബു, ജില്ലാ ലൈബ്രറി ഓഫീസർ പി ബഷീർ, സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, താലൂക്ക് വൈസ് പ്രസിഡന്റ് എം ദേവകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News