കള്ളക്കടത്ത് സ്വർണംകവരുന്ന 
5 പേർ പിടിയിൽ



പെരിന്തൽമണ്ണ കള്ളക്കടത്ത് സ്വര്‍ണംകവരുന്ന സംഘത്തിലെ അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.  കേരള, തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് സ്വർണംകടത്തുന്ന വാഹനങ്ങളിൽ കവര്‍ച്ച നടത്തുന്ന കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ് (30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40),  വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക് (27), ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്.   26ന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി നാട്ടിലേക്ക് വരുന്നതിനിടെ കാസര്‍കോട്‌ സ്വദേശികളുടെ ഒരുകിലോ സ്വര്‍ണം പെരിന്തൽമണ്ണ കാപ്പുമുഖത്തുവച്ച്‌ കവര്‍ച്ച നടത്താൻ സംഘം ശ്രമിച്ചിരുന്നു. നാട്ടുകാര്‍  ഇടപെട്ടതോടെ സംഘം കാറില്‍ രക്ഷപ്പെട്ടു.   നാട്ടുകാര്‍  സ്റ്റേഷനിൽ വിവരം നല്‍കിയതോടെ പെരിന്തല്‍മണ്ണ സിഐ സി അലവിയുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ശരീരത്തിൽ ഒളിപ്പിച്ചുകടത്തിയ ഒരുകിലോ സ്വര്‍ണം പിടികൂടിയിരുന്നു.  ചോദ്യംചെയ്തതോടെ  കവര്‍ച്ചക്കെത്തിയ സംഘത്തെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വിവരം ലഭിച്ചു. പിന്നീട്‌ മുഖ്യസൂത്രധാരൻ മുഹമ്മദ് റഷാദിനെ കുറിച്ച് സൂചനലഭിച്ചു. മുഹമ്മദ് റഷാദിന്‌ കാസര്‍കോട്‌  സ്വദേശി  ഗള്‍ഫില്‍നിന്ന് സ്വര്‍ണംകടത്തി കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ സ്വർണംകവരാനാണ്‌ അബ്ദുള്‍ അസീസ്, ബഷീര്‍ എന്നിവര്‍ വഴി സാദിഖിനേയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ചാവക്കാട് സ്വദേശി അല്‍ത്താഫിനേയും ഏല്‍പ്പിക്കുന്നത്. രണ്ടു കാറുകളിലായെത്തിയ സംഘം കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പരാതിക്കാരന്റെ കാറിനെ പിന്തുടര്‍ന്ന്  പെരിന്തല്‍മണ്ണ  കാപ്പുമുഖത്ത് വച്ച് കവര്‍ച്ച നടത്താനാണ് ശ്രമിച്ചത്.  നാട്ടുകാർ ഇടപെട്ടതോടെയാണ്‌ ഉദ്യമത്തിൽനിന്ന് പിൻമാറിയത്‌. മറ്റു പ്രതികളെ കുറിച്ച്‌ സൂചനലഭിച്ചതായും  ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സിഐ അറിയിച്ചു.  പ്രതികളെ  പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.   എസ്ഐ എ എം യാസിര്‍,  എഎസ്ഐ എം എസ് രാജേഷ്, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ഷജീര്‍, ഉല്ലാസ്, രാകേഷ്, എം കെ മിഥുന്‍, ഷഫീഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  സ്ക്വാഡുമാണ്  പ്രത്യേക അന്വേഷക സംഘത്തിലുണ്ടായിരുന്നത്‌.   Read on deshabhimani.com

Related News