പബ്ലിക് ലൈബ്രറി നാളെ തുറക്കും

തുറക്കുന്നതിന് മുന്നോടിയായി കൊല്ലം പബ്ലിക് ലൈബ്രറി വൃത്തിയാക്കുന്നു


കൊല്ലം  ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന പബ്ലിക് ലൈബ്രറി തിങ്കളാഴ്ച തുറക്കും. ലോക്ഡൗൺ മറയാക്കി പബ്ലിക് ലൈബ്രറി ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയം അടച്ചുപൂട്ടാനുള്ള ബോധപൂർവമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ ഗവേണിങ്‌ ബോഡി ചേർന്നാണ് ലൈബ്രറി തുറക്കാൻ തീരുമാനിച്ചത്. ലൈബ്രറി തുറക്കുന്നതൊഴിച്ച് പുസ്തക വിതരണത്തെക്കുറിച്ചോ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക  നൽകുന്നതിനെക്കുറിച്ചോ ധാരണയായിട്ടില്ല.  നാടക പഠനം മുതൽ പിഎസ്‌സി പരിശീലനംവരെ നടന്ന പബ്ലിക് ലൈബ്രറി അങ്കണം കരിയിലമൂടിയാണ്‌ കിടക്കുന്നത്. സോപാനം ഓഡിറ്റോറിയം, സരസ്വതി, സാവിത്രി കോൺഫറൻസ് ഹാളുകൾ, ആർട്ട്ഗാലറി, ഓപ്പൺഎയർ ഓഡിറ്റോറിയമായ കളിത്തറ എന്നിവയും കലയുടെ സ്പർശമേക്കാതെ വരണ്ടുകിടക്കുകയാണ്. ആദ്യ ലോക്ഡൗണിനുശേഷം ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം തുടങ്ങിയപ്പോഴും പബ്ലിക് ലൈബ്രറി അടഞ്ഞുതന്നെ കിടന്നു. 16 മാസമായി അനിശ്ചിതത്വത്തിൽ കഴിയുന്ന ജിവനക്കാർക്ക് ഇനി ജോലിയുണ്ടാകുമോയെന്ന് ഉറപ്പില്ല. മലയാളം, ചരിത്രപഠനം എന്നിവയ്ക്ക് യുജിസി അനുവദിച്ച പഠന ഗവേഷണകേന്ദ്രം കൂടിയാണ് പബ്ലിക് ലൈബ്രറി. ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് 10 വർഷമായി. Read on deshabhimani.com

Related News