കത്തിൽ കലഹിച്ച് 
നേതാക്കൾ



  കൽപ്പറ്റ അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്  ഡിസിസി സെക്രട്ടറിയുടെ പേരിൽ പുറത്തിറക്കിയ കത്തിന്റെ ഉറവിടം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത. ബാങ്കുകളിലെ നിയമനത്തിന്‌ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ ഉദ്യോഗാർഥികളിൽനിന്ന്‌  വൻ തുക കോഴ വാങ്ങിയെന്ന് കാണിച്ച് കെപിസിസിക്ക് അയച്ച കത്താണ്  കോഴ വിവാദത്തിൽ കലങ്ങിമറിയുന്ന കോൺഗ്രസിലെ അഭ്യന്തരക്കുഴപ്പം രൂക്ഷമാക്കുന്നത്.  ഡിസിസി ജനറൽ സെക്രട്ടറി ആർ പി ശിവദാസിന്റെ പേരാണ് കത്തിലുള്ളതെങ്കിലും അദ്ദേഹം അത് നിഷേധിച്ചതോടെയാണ്‌ ഉറവിടം സംബന്ധിച്ച്‌  ഭിന്നത തലപൊക്കുന്നത്‌. കത്തയച്ചത്‌  മുമ്പ്‌‌  ഡിസിസി ട്രഷറായിരുന്ന ബത്തേരിയിലെ ഒരു നേതാവാണെന്ന കാര്യത്തിൽ  ഡിസിസി ജനറൽ സെക്രട്ടറി  കെ ഇ വിനയന്‌ സംശയമില്ല.   ബത്തേരിയിലെ   സഹകരണസ്ഥാപനങ്ങളിലെ   കൊള്ളക്ക്  സ്ഥിരമായി നേതൃത്വം നൽകുന്ന ആ   നേതാവിന്റെ   പേര്‌ കത്തിലില്ലാത്തതിന്‌ കാരണം ഇതാണെന്നാണ്‌   അർബൻ ബാങ്ക് നിയമനത്തിലെ അഴിമതി അന്വേഷിക്കുന്ന  കമ്മിറ്റിയുടെ ചെയർമാനായ  വിനയന്റെ അഭിപ്രായം. ബത്തേരിയിലെ സഹകരണസ്ഥാപനങ്ങളും  നഗര ഭരണവും നഷ്ടമായതിന് പിന്നിൽ ഈ നേതാവാണെന്നും വിനയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.  അതേ സമയം   ഇക്കാര്യത്തിൽ വിനയന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടുമായി‌   ഐ സി ബാലകൃഷ്ണൻ എംഎൽഎ വിനയനെ തള്ളി.  ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ വിശ്വനാഥനും ജില്ലയിലെ പാർടി നേതൃത്വം മൂവർ കൊള്ളസംഘത്തിന്റെ തണലിലാണെന്ന്‌ ആരോപിച്ചിരുന്നു.  പാർടി പ്രവർത്തകർക്കും ഇതേ അഭിപ്രായമാണ്‌.      പാർടി സമ്മർദത്തിന്‌ വഴങ്ങി ബത്തേരി അർബൻ ബാങ്ക്‌ അഴിമതി അന്വേഷണത്തിന്‌ ഡിസിസി പ്രസിഡന്റ്‌  തീരുമാനമെടുത്തതാണ്‌‌   മുമ്പ്‌ പല  അവിഹിത ഇടപാടുകൾക്കും ഒപ്പംനിന്ന ‌   ഈ  നേതാവിനെ ചൊടിപ്പിച്ചത്‌.  മറ്റൊരു ഡിസിസി സെക്രട്ടറിയുടെ പേരിൽ കത്തയക്കാൻ ഈ നേതാവിനെ പ്രകോപിപ്പിച്ചതും ഇതാണ്‌. പല രഹസ്യങ്ങളും അറിയാവുന്ന ഇയാളെ തള്ളാനും കൊള്ളാനുമാകാതെ ചെകുത്താനും കടലിനുമിടയിലാണ്‌ ജില്ലയിലെ പരമോന്നത നേതാവ്‌.    പൊലീസിൽ പരാതി നൽകില്ല: ഐ സി ബാലകൃഷ്‌ണൻ കൽപ്പറ്റ അർബൻ ബാങ്കിലെ നിയമനത്തിന്‌  താൻ  രണ്ട്‌ കോടി രൂപ കോഴ വാങ്ങിയെന്ന്‌ ആരോപിച്ച്‌ പുറത്തായ  കത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിൽ പരാതി നൽകില്ലെന്ന്‌ ‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   സിപിഐ എം വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഡിസിസി നിയോഗിച്ച   കമീഷനും അന്വേഷിച്ചുവരുന്നു. യാഥാർഥ്യം അവർ കണ്ടെത്തട്ടെയെന്നും എംഎൽഎ  പറഞ്ഞു.   കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അഴിമതിയാരോപണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്  കെപിസിസി പ്രസിഡന്റിന് പരാതി  നൽകിയിട്ടുണ്ട്‌. പതിറ്റാണ്ടായി സംശുദ്ധ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ബോധപൂർവമായ ശ്രമമാണ്‌ ആരോപണങ്ങൾക്ക്‌ പിന്നിലെന്നും ഐ സി ബാലകൃഷ്‌ണൻ കുറ്റപ്പെടുത്തി. അതേസമയം   നില കൂടുതൽ പരുങ്ങലിലാകുമെന്ന ഭയമാണ്‌  പൊലീസിൽ പരാതി നൽകാത്തതിന്‌ കാരണമെന്ന്‌‌  എതിർവിഭാഗം ആരോപിക്കുന്നു.  മൂവർ സംഘത്തിലെ പ്രധാനി തിരിച്ചടിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന്‌   അഭ്യുദയകാംക്ഷികളുടെ  ഉപദേശവുമുണ്ട്‌. കെപിസിസി പ്രസിഡന്റിന്‌ നേരത്തെ  നൽകിയ പല പരാതികളിലും നടപടിയുണ്ടായിട്ടില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ പാർടിക്ക്‌ പരാതി നൽകുന്നത്‌ കണ്ണിൽ പൊടിയിടാനാണെന്നാണ്‌   ആരോപണം. Read on deshabhimani.com

Related News