മനക്കണ്ണിൽ പ്രതീക്ഷാവെളിച്ചവുമായി അശ്വിൻ



  ഒല്ലൂർ കണ്ണിൽ ഇരുട്ടാണെങ്കിലും അശ്വിന്റെ മനസ്സിനും പ്രതീക്ഷകൾക്കും വെളിച്ചമേറെയാണ്. ആരെയും ആശ്രയിക്കാതെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള അവന്റെ  ഇച്ഛാശക്തിക്കു മുമ്പിൽ അടഞ്ഞ വഴികളില്ല. പഠനത്തിനിടെ  തന്റെ വിദ്യാഭ്യാസത്തിനും മറ്റു ചിലവുകൾക്കും മാസ്ക് വിൽപ്പനയിലൂടെ പണം കണ്ടെത്തുകയാണ് ഈ യുവാവ്. തന്നോടുള്ള സഹതാപം കൊണ്ടല്ല മറിച്ച് രോഗവ്യാപനം തടയുന്നതിന് മാസ്‌ക്‌ വാങ്ങാനാണ്‌ അശ്വിൻ പറയുന്നത്‌. മാസ്ക് നിർബന്ധമാക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സന്ദേശം അശ്വിൻ നൽകുന്നു. പാലക്കാട് കൊല്ലങ്കോട് പോത്തംപാടം രമേഷിന്റെ മകനായ അശ്വിൻ (25) ഇപ്പോൾ ഒല്ലൂരിലാണ് താമസം. സർക്കാർ ജോലിയോ, ബാങ്ക് ജോലിയോ ആണ് അശ്വിന്റെ ലക്ഷ്യം. അതിന്റെ മത്സരപരീക്ഷകൾക്കുള്ള പഠനത്തിലാണിപ്പോൾ.  ബിരുദപഠനകാലത്ത് പേപ്പർ പേന വിറ്റാണ് പഠനാവശ്യങ്ങൾക്ക് പണം കണ്ടെത്തിയിരുന്നത്. കോവിഡ് വന്നതോടെയാണ് മാസ്ക് വിതരണം തുടങ്ങിയത്. പഞ്ചായത്ത് ഓഫീസുകൾ, ബാങ്ക്, സഹ.സംഘങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മാസ്ക് വിൽപ്പന. ഒപ്പം പേപ്പർ പേനയും വിൽക്കുന്നു. വീൽചെയറിൽ ജീവിതം നീക്കുന്നവർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരിൽനിന്നാണ് മാസ്കുകൾ വാങ്ങുന്നത്. ഇത് അണുവിമുക്തമാക്കിയ ശേഷം വീട്ടമ്മമാർ നിർമിക്കുന്ന പത്രം കൊണ്ടുള്ള കവറിൽ ഇട്ടാണ് വിൽക്കുന്നത്. കവറിന് 50 പൈസ ഇവർക്ക് നൽകും. അഞ്ച്‌ മാസ്കുകൾ അടങ്ങിയ കെട്ടിന് 150 രൂപയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്ന അശ്വിൻ  തപാൽ വഴി സംസ്ഥാനത്താകെ വിൽപ്പന നടത്താനുളള ശ്രമത്തിലാണ്. ജന്മനാ കാഴ്ചയില്ലാത്ത അശ്വിൻ കേരളവർമ കോളേജിൽനിന്ന് ബിരുദം നേടി. ചാലക്കുടി പനമ്പിള്ളി കോളേജിൽ എംഎ കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുകയാണ്. ബിരുദ പഠനത്തിനോടൊപ്പം മൊബൈൽ കമ്പനികളിൽ ടെലികോളിങ്‌ ജോലി ചെയ്തിരുന്നു.  കോവിഡ് പ്രതിരോധത്തിൽ താനും ഒരു പോരാളിയാണെന്നാണ് അശ്വിൻ വിശ്വസിക്കുന്നത്. ഈ മഹാമാരിയെ ചെറുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മന്ത്രി കെ കെ ശൈലജ ടീച്ചറെ അഭിനന്ദിക്കുന്നതായും കോവിഡ് കാലത്തിന് ശേഷം ടീച്ചറെ നേരിട്ട് കാണണമെന്നും അശ്വിന് അതിയായ ആഗ്രഹമുണ്ട്. അശ്വിന് പിന്തുണയേകി അമ്മ ഷൈലജയും ബിടെക് വിദ്യാർഥിയായ സഹോദരി അഖിലയും ഒപ്പമുണ്ട്.   Read on deshabhimani.com

Related News