കരുതിയില്ലെങ്കിൽ കുടിനീർ മുട്ടും



കോഴിക്കോട്‌ ജില്ലയുടെ വിവിധ മേഖലകളിൽ അമിതമായ ജല ചൂഷണമെന്ന്‌ പഠനം. ബാലുശേരി, കുന്നമംഗലം ബ്ലോക്കുകളിലാണ്‌  ഭൂഗർഭ ജലചൂഷണം രൂക്ഷം. കേന്ദ്ര ഭൂഗർഭ ജല ബോർഡ്‌ തയ്യാറാക്കിയ മാപ്പിങ്ങിലാണ്‌ ഈ കണ്ടെത്തൽ. 70 ശതമാനത്തിലേറെ വിനിയോഗമുള്ള പ്രദേശങ്ങളാണ്‌ ഈ പട്ടികയിലുള്ളത്‌. ബാലുശേരി ബ്ലോക്കിൽ 83.64 ശതമാനവും കുന്നമംഗലത്ത്‌ 81.47 ശതമാനവുമാണ്‌ ജലവിനിയോഗം.  ജില്ലയുടെ മൊത്തം ജലവിനിയോഗം 57.05 ശതമാനമാണ്‌. പ്രാദേശികമായി പലയിടങ്ങളിലും  ഗുരുതരമായ അമിത ചൂഷണമുണ്ട്‌.  ഇത്‌ ഭാവിയിൽ വരൾച്ചക്ക്‌ ഇടയാക്കുന്നതിനാൽ ജലസംരക്ഷണ പദ്ധതികൾ വേണമെന്ന്‌ റിപ്പോർട്ട്‌ ശുപാർശചെയ്യുന്നു. ചേളന്നൂർ 68.76 ശതമാനം, കോഴിക്കോട്‌ 66.42, തൂണേരി 63. 82 ബ്ലോക്കുകൾ എന്നിങ്ങനെയാണ്‌ അമിത ജലചൂഷണ ഭീഷണിയുള്ള മറ്റ്‌ ബ്ലോക്കുകൾ. പേരാമ്പ്ര ബ്ലോക്കിൽ 38.41 ശതമാനം വെള്ളമേ വിനിയോഗിക്കുന്നുള്ളൂ. വിവേചനരഹിതമായ കുഴൽക്കിണർ നിർമാണം പരിസരത്തെ മറ്റു കിണറുകൾ വറ്റാൻ ഇടയാക്കുമെന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന്‌ റിപ്പോർട്ടിലുണ്ട്‌.  മണ്ണിലേക്കിറക്കാം; ജലം കരുതിവയ്‌ക്കാം  ജലസംരക്ഷണത്തിനും കൃത്രിമ ജലപോഷണത്തിനുമുള്ള മാർഗങ്ങളിലൂടെ  ജലം സംരക്ഷിച്ചുനിർത്താം. 40 ചെക്‌ഡാമുകൾ, 55 വെന്റഡ്‌ ക്രോസ്‌ ബാറുകൾ, ഏഴ്‌ ഊർന്നിറങ്ങൽ കുളം എന്നിവ നിർമിക്കാനായി ജില്ലയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. ഇതുവഴി 3.105 എംസിഎം (മില്യൺ ക്യുബിക്‌ മീറ്റർ) ജലം റീചാർജ്‌ ചെയ്യാനാവുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.  മേൽക്കൂരയിൽനിന്നുള്ള ജല സംഭരണവും റീചാർജിങ്ങും പ്രോത്സാഹിപ്പിച്ച്‌ ജലസുരക്ഷ ഉറപ്പാക്കണം. ബാലുശേരി, കുന്നമംഗലം മേഖലകളിൽ തുള്ളിനനപോലുള്ള ജലസംരക്ഷണ മാർഗങ്ങൾ നടപ്പാക്കണമെന്നും നിർദേശിക്കുന്നു.   Read on deshabhimani.com

Related News