നാട്‌ കാടാക്കി കാട്ടാനകൾ



വൈത്തിരി കാട്ടാനശല്യത്തിന്‌ അറുതിയില്ലാതെ പഴയ വൈത്തിരിക്കടുത്ത വട്ടപ്പാറ, മുള്ളന്‍പാറ, ചാരിറ്റി പ്രദേശങ്ങള്‍. ചൊവ്വാഴ്‌ച മുള്ളൻപാറയിൽ കുട്ടികളടക്കം ആറ്‌  ആനകളാണ്‌ രാവിലെ മുതൽ മണിക്കൂറുകൾ തമ്പടിച്ചത്‌.  നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയിലാണ് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയത്. കാട്ടാനകളെ ഭയന്നാണ്‌        തേയിലത്തോട്ടങ്ങളിലുൾപ്പെടെ തൊഴിലാളികൾ പണിയെടുക്കുന്നത്‌. ജോലിക്ക്‌ പോകുന്നതും മടങ്ങുന്നതും ഭയത്തോടെയാണ്‌. വഴികളിലടക്കം കാട്ടാനകളുണ്ടാകും. വാഹനംവരെ ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടവരുണ്ട്‌.    കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ വന്‍ വിളനാശമാണ്‌  വരുത്തുന്നത്.  എല്ലാ വിളകളും നശിപ്പിക്കുകയാണ്‌. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന്‌ വായ്പയെടുത്ത കൃഷിയിറക്കുന്നവരാണ് കര്‍ഷകരില്‍ പലരും. കാട്ടാനശല്യം പരിഹരിക്കുന്നതിന്‌  ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.    മക്കിയാടും ഭീതിയിൽ മക്കിയാട്  ടൗണിനോട് ചേര്‍ന്ന പ്രദേശങ്ങളിലും  കാട്ടാനശല്യം. എടത്തറവയലിലും പരിസരങ്ങളിലും  കാട്ടാനയിറങ്ങി  വ്യാപകമായി കൃഷി നശിപ്പിച്ചു. മക്കിയാട് വാഴയില്‍ ആലി, കണ്ണോലന്‍ പോക്കര്‍, ജോമേഷ് എഴുങ്ങോട്ടില്‍ എന്നിവരുടെ വാഴയും എംഎസ്എഫ്എസ്, ബെനടിക്ടന്‍ ആശ്രമങ്ങളിലെ കാപ്പി, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളും നശിപ്പിച്ചു. ഒരാഴ്ചയായി കൃഷിയിടങ്ങളിൽ കാട്ടാനകളിറങ്ങുകയാണ്‌. ആനശല്യത്തിന്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌  പ്രദേശവാസികള്‍  ഫോറസ്റ്റ് സ്റ്റേഷൻ മാര്‍ച്ചും  നടത്തിയിരുന്നു. Read on deshabhimani.com

Related News