കളിച്ചുയരാം, ഹൈടെക് ലെവലിൽ –2

താനൂർ കാട്ടിലങ്ങാടി സ്‌കൂൾ സ്‌റ്റേഡിയം


ഇന്റർനാഷണൽ മൊയ്‌തീൻകുട്ടി, യു ഷറഫലി, സി ജാബിർ, അനസ്‌ എടത്തൊടിക, ആഷിഖ്‌ കുരുണിയൻ, മഷൂർ ഷെരീഫ്‌... രാജ്യാന്തര ഫുട്‌ബോളിൽ ജില്ലയെ അടയാളപ്പെടുത്തിയ താരങ്ങൾ ഏറെ.  കൊയ്‌ത്തുകഴിഞ്ഞ പാടവും ഒഴിഞ്ഞ പറമ്പും കളിസ്ഥലങ്ങളാക്കിയ നാളുകൾക്ക്‌ വിട. കായികരംഗത്തെ  സർക്കാർ ഇടപെടലിൽ  അതിവേഗം മാറുകയാണ്‌ മലപ്പുറം. പകിട്ടോടെ മൈതാനങ്ങൾ സജ്ജമാകുന്നു. ഇതാ... മുന്നേറ്റഗാഥ  എടപ്പാൾ ഗവ. എച്ച്‌എസ്‌എസിൽ മിനിസ്‌റ്റേഡിയം.  നിലമ്പൂർ മാനവേദൻ ജിഎച്ച്‌എസ്‌എസിൽ 17.25 കോടി രൂപയുടെ സ്‌റ്റേഡിയം ഒന്നാംഘട്ടം പൂർത്തിയായി.  താനൂർ കാട്ടിലങ്ങാടി സ്‌കൂൾ സ്‌റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ. പൊന്നാനി നിളാതീരം അക്വാറ്റിക്‌ കോംപ്ലക്‌സ്‌ ആൻഡ്‌ മൾട്ടിപ്പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം (12.77 കോടി) പ്രവൃത്തി ഉടൻ. തിരൂർ ഫുട്‌ബോൾ സ്‌റ്റേഡിയം (10 കോടി) നിർമാണം വൈകാതെ തുടങ്ങും. പൊന്നാനി മൂക്കുതല ജിഎച്ച്‌എസ്‌എസിൽ 200 മീറ്റർ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ  ടർഫും.  വെളിയങ്കോട്‌ ജിഎച്ച്‌എസ്‌എസിൽ മൾട്ടിപ്പർപ്പസ്‌ ഇൻഡോർ കോർട്ട്‌, ഓപ്പൺ കോർട്ട്‌, നാച്വറൽ മഡ്‌ ഫുട്‌ബോൾ കോർട്ട്‌. മാറഞ്ചേരി പഞ്ചായത്ത്‌ ഫുട്‌ബോൾ സ്‌റ്റേഡിയം, ഓപ്പൺ ജിം, ഇൻഡോർ ജിം. താനൂർ നിറമരുതൂർ ജിഎച്ച്‌എസ്‌എസിൽ മൾട്ടിപ്പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം, ഗ്യാലറി, നിലവിലുള്ള കെട്ടിടത്തിൽ പവലിയൻ എന്നിവ പ്രവൃത്തി പുരോഗമിക്കുന്നു. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ ഫിറ്റ്‌നസ്‌ സെന്റർ പണി നടക്കുന്നു.  പഞ്ചായത്തിൽ ഒരു സ്‌റ്റേഡിയം പദ്ധതിയിൽ  15 എണ്ണം പ്രവൃത്തി ആരംഭിച്ചു.   പയ്യനാട്‌ സൂപ്പർ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്‌ ജനങ്ങളൊഴുകിയതോടെ പയ്യനാട്‌ ഫുട്‌ബോൾ സ്‌റ്റേഡിയം രാജ്യശ്രദ്ധ നേടി. ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയുടെ ആറ്‌ മത്സരത്തിനും വേദിയായി. സന്തോഷ്‌ ട്രോഫിക്കായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത്‌ സ്‌റ്റേഡിയം നവീകരിച്ചു.  ഇവിടെ പി മൊയ്‌തീൻകുട്ടി മൾട്ടിപ്പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം, ഹോക്കി ടർഫ്‌, സ്വിമ്മിങ്‌ പൂൾ എന്നിവക്ക്‌ 45 കോടി രൂപയുടെ ഭരണാനുമതിയായി.  400 മീറ്റർ സിന്തറ്റിക്‌ ട്രാക്കിന്‌ കായികവകുപ്പ്‌ എട്ടരക്കോടിയുടെ പദ്ധതി നിർദേശം കേന്ദ്ര കായിക മന്ത്രാലയത്തിന്‌ സമർപ്പിച്ചിട്ടുണ്ട്‌.   നാളെകളിലേക്കുള്ള ട്രാക്ക്‌ അത്‌ലറ്റിക്‌സിലെ ജില്ലയുടെ കുതിപ്പിന്‌ നിദാനമായത്‌ കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസിലെ സിന്തറ്റിക്‌ ട്രാക്ക്‌. വിവിധ ഭാഗങ്ങളിൽനിന്ന്‌ വിദ്യാർഥികൾ സ്ഥിരമായി ഇവിടെ പരിശീലനത്തിന്‌ എത്തുന്നു.  ദേശീയ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പ്‌ വേദിയായി. സംസ്ഥാന അത്‌ലറ്റിക്‌ അസോസിയേഷന്റെ ജൂനിയർ, യൂത്ത്‌, സീനിയർ സംസ്ഥാന മീറ്റുകൾക്ക്‌ വർഷങ്ങളായി വേദിയായി.  ജില്ലയിലെ സൗകര്യങ്ങൾ വർധിക്കുമ്പോഴും രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയരാൻ ഇനിയും കടമ്പകളേറെയുണ്ട്‌.  അതിനുവേണ്ടത്‌ എന്തെല്ലാം? (അതേക്കുറിച്ച്‌ നാളെ) Read on deshabhimani.com

Related News