നെറ്റ് സീറോ കാര്‍ബണ്‍ കേരളം: സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം > നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  കാര്‍ബണ്‍ ന്യൂട്രല്‍ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ദ്വിദിന ശില്‍പ്പശാല മേയ് 17,18 തീയതികളില്‍ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന പ്രസ്‌തുത  പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് മുഖ്യാതിഥിയാകും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി കെ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പുസ്‌തകപ്രകാശനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു നിര്‍വഹിക്കും. കില ഡയറക്‌ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ പുസ്‌തകം ഏറ്റുവാങ്ങും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ഡയറക്‌ടര്‍ പ്രിയങ്ക ജി ഐഎഎസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ എന്നിവര്‍ സംസാരിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ സംബന്ധിച്ച് അനുഭവ വിവരണങ്ങള്‍ നടത്തും. കാമ്പയിന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും നടക്കും. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമേണ കുറച്ച് നെറ്റ് സീറോ കാര്‍ബണ്‍ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ലോകമെമ്പാടും ശ്രമങ്ങള്‍ നടന്നുവരികയാണ്. 2050 ആകുമ്പോഴേക്കും ഈ ലക്ഷ്യം നേടാനാവും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പ്രദേശങ്ങളെയും യൂണിറ്റുകളെയും ഘട്ടംഘട്ടമായി നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിനിലൂടെ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് അവലോകനത്തിനു വിധേയമാക്കാനാണ് ശില്‍പ്പശാല ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News