നവശക്തി പദ്ധതി ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി; മന്ത്രി വി ശിവൻകുട്ടി



കൊച്ചി > ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിന് നവശക്തി പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചുമട്ടുതൊഴിലാളികളുടെ നൈപ്യുണ്യ വികസനം മുൻനിർത്തി ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നടപ്പാക്കുന്ന നവശക്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 'ചുമട്ട് തൊഴിലാളി ക്ഷേമനിധി  ബോർഡ് മുഖേന സർക്കാർ നവശക്തി 2023  എന്നൊരു പദ്ധതി നടപ്പാക്കുകയാണ്. ജെ സി ബി, ക്രെയിൻ തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന കയറ്റിറക്ക് ജോലികൾക്ക്  നിലവിലെ ചുമട്ടുതൊഴിലാളികളെ പ്രാപ്‌തരാക്കുന്ന ഒരു പദ്ധതിയാണ് നവശക്തി.  സംസ്ഥാനത്തെ ഐ.റ്റി പാർക്കുകൾ, കിൻഫ്രാ പാർക്ക് പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത്തരം പ്രവൃത്തികൾക്കുള്ള പ്രത്യേക പരിശീലനം നൽകും.   പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളുടെ പരിശീലനവും നവശക്തിയുടെ ഭാഗമായി ഇവർക്ക് ലഭ്യമാക്കും'- മന്ത്രി പറഞ്ഞു ചുമട് തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിൽ തൊഴിലാളികൾ പരിശീലനം നേടണം. നിലവിലെ നിയമപ്രകാരം അത്തരം സാധന സാമഗ്രികളുടെ കയറ്റിറക്കലിന് ചുമട്ടു തൊഴിലാളികൾക്ക് അവകാശം ഇല്ല. ഇതിന് നവശക്തി പദ്ധതി പരിഹാരമാകും. തൊഴിലുമായി ബന്ധപ്പെട്ട മേഖലകളും സാധ്യതകളും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നിലവിലെ തൊഴിലാളികൾക്ക് നൈപുണ്യമികവും അടിസ്ഥാന യോഗ്യതകളും  ഉറപ്പു വരുത്തി അഭിമാനകരമായി ജോലി ചെയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. ഓരോ തൊഴിൽ മേഖലയിലും വരുന്ന പുതിയ മാറ്റങ്ങൾ, പുതിയ ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവക്കനുസരിച്ച് തൊഴിലാളികൾ സ്വയം നവീകരിക്കണമെന്നും തൊഴിൽ രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ, തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ക്ഷേമ ബോർഡ് ചീഫ്എക്‌സിക്യുട്ടീവ് ഓഫീസർ കെ ശ്രീലാൽ, ഫിനാൻസ് ഓഫീസർ ടി എൻ മുഹമ്മദ് ഷഫീഖ്, നവശക്തി നോഡൽ ഓഫീസർ ആർ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News