എതിർക്കുന്നവരുടെ ലക്ഷ്യം 
വികസനം തടയൽ: മുഖ്യമന്ത്രി



തിരുവനന്തപുരം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനത്തെ തടയുകയാണ്‌ ഇപ്പോൾ എതിർക്കുന്നവരുടെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്‌ട്രീയ സമരമാണ്‌ നടക്കുന്നത്‌. നിശ്ശബ്ദരാകാതെ, രാഷ്‌ട്രീയമായി നേരിടണം. ഇ എം എസ്‌ സ്മൃതിയോടനുബന്ധിച്ച്‌ ഇ എം എസ്‌ അക്കാദമിയിൽ നവകേരള ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിമാറി ഭരിക്കുന്ന പതിവ്‌ തുടർഭരണത്തിലൂടെ അവസാനിച്ചു. ഇനിയും ഭരണത്തുടർച്ച ഉണ്ടാകാതിരിക്കാനാണ്‌ ഇവർ വികസനം തടയുന്നത്‌. വ്യാവസായിക, കാർഷിക, പശ്ചാത്തല വികസനത്തിലെല്ലാം സംസ്ഥാനം മുന്നേറുകയാണ്‌. ഇത്‌ ദോഷംചെയ്യുമെന്ന് ചിന്തിക്കുന്നവരാണ് യുഡിഎഫും ബിജെപിയും. സങ്കുചിത കാഴ്ചപ്പാടാണ്‌ ഇത്‌. വർഗീയ ചേരിതിരിവിനുള്ള ശ്രമവുമുണ്ട്‌. ഇതെല്ലാം തുറന്നുകാട്ടണം. മതനിരപേക്ഷ കേരളവുമായി മുന്നേറണം. ഭരണത്തുടർച്ചയ്ക്ക്‌ അതിന്റേതായ പ്രത്യേകതയുണ്ട്‌.  തുടർച്ചയായി ഭരണം ലഭിച്ച രാജ്യങ്ങളിലടക്കമുള്ള അനുഭവം ഗൗരവമായി കാണണം. അത്‌ ഓരോ സാഹചര്യത്തെയും നേരിടാൻ കരുത്താകും.   നാടിന്റെ വികസനത്തിന്‌ പല കാര്യത്തിലും  യോജിച്ചുള്ള പ്രവർത്തനം വേണം.  കാർഷികമേഖലയും വിദ്യാഭ്യാസമേഖലയും കൂടുതൽ വളരണം. ടൂറിസവും ഐടിയും വികസിക്കണം. അതിനെല്ലാം സ്വകാര്യമേഖലയിൽ നിന്നടക്കം നിക്ഷേപങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News