വനിതാ സാമാജിക സമ്മേളനത്തിന്‌ പ്രൗഢ സമാപനം



തിരുവനന്തപുരം നിയമനിർമാണ സഭകളിലെ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റം ചെറുക്കാൻ നിയമനിർമാണം വേണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിന്‌ സമാപനം.   വെള്ളി  രാവിലെ വനിതകളുടെ അവകാശങ്ങളും നിയമ പഴുതുകളും,    നയരൂപീകരണ സമിതികളിലെ സ്ത്രീപ്രാതിനിധ്യക്കുറവ്‌ എന്നീ വിഷയങ്ങളിൽ സെമിനാറും ഓപ്പൺ ഹൗസും നടന്നു. വൈകിട്ട്‌ സമാപന സമ്മേളനം സ്പീക്കർ എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. വനിതാ ശാക്തീകരണത്തിലൂടെയേ ജനാധിപത്യത്തിന്റെ ശക്തി ഉറപ്പാക്കാൻ കഴിയൂവെന്ന്‌ അദ്ദേഹം പറഞ്ഞു. വനിതാ ശാക്തീകരണം ഉറപ്പാക്കുന്നതിൽ കേരളം എന്നും പ്രതിജ്ഞാബദ്ധമാണ്‌. വനിതാ സാമാജികരുടെ സമ്മേളനം കൂട്ടായ്‌മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂഡലിസം സ്ത്രീകളെ വീട്ടിൽ തളച്ചിട്ടപ്പോൾ മുതലാളിത്തം അവരെ ഒരു വാണിജ്യവസ്തുവായാണ്‌ കണ്ടതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഛത്തീസ്‌ഗഢ്‌ മന്ത്രി അനേല ഭേദിയ, ഗുജറാത്ത്‌ ആരോഗ്യ മന്ത്രി നിമിഷ ബെൻ, ഒഡിഷ ടെക്സ്‌റ്റൈൽസ്‌ മന്ത്രി പത്മിനി ദിയാൻ, പോണ്ടിച്ചേരി മന്ത്രി ചന്ദിര പ്രിയങ്ക, മഹാരാഷ്‌ട്ര എംഎൽഎ ഗീത ജെയിൻ എന്നിവർ സംസാരിച്ചു. മന്ത്രി വീണാ ജോർജ്‌ സ്വാഗതവും നിയമസഭാ സെക്രട്ടറി ജനറൽ എസ്‌ വി ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.സെമിനാറിനുശേഷം പ്രതിനിധികൾ നിയമസഭ സന്ദർശിച്ചു. ശനി രാവിലെ പൊന്മുടി, അഷ്ടമുടിക്കായൽ, കന്യാകുമാരി യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News