അതിവേഗം ആറുവരിപ്പാത; കോഴിക്കോട്‌ 2024 ഏപ്രിലിൽ പൂർത്തിയാക്കും

മന്ത്രി പി എ മുഹമ്മദ് റിയാസ് രാമനാട്ടുകര മേൽപ്പാലം നിർമാണ പുരോഗതി വിലയിരുത്തുന്നു


കോഴിക്കോട്‌ > ജില്ലയുടെ വികസന‘യാത്ര’യ്‌ക്ക്‌ പുതുവേഗം പകർന്ന്‌ ദേശീയപാത ആറുവരിയാക്കൽ 2024 ഏപ്രിലിൽ പൂർത്തിയാക്കും. അഴിയൂർ മുതൽ രാമനാട്ടുകരവരെയുള്ള ദേശീയപാത വികസനമാണ്‌ ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുക. മൂരാട്‌ പാലം, അഴിയൂർ–-വെങ്ങളം, രാമനാട്ടുകര ബൈപാസ്‌ റീച്ചുകൾ എന്നിവയുടെ പ്രവൃത്തി നല്ല രീതിയിൽ പുരോഗമിക്കുകയാണ്‌. ജില്ലയിലെ നിർമാണ പുരോഗതി മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അധ്യക്ഷതയിൽ ദേശീയപാതാ അവലോകന യോഗം വിലയിരുത്തി. മൂരാട്‌ പാലം ഭാഗത്ത്‌ 65 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. അടുത്ത വർഷം മാർച്ചോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അഴിയൂർ–-വെങ്ങളം 4.5 ശതമാനവും രാമനാട്ടുകരയിൽ 13.3 ശതമാനവുമാണ്‌ പൂർത്തിയായത്‌. ഇത്‌ രണ്ടും 2024 ഏപ്രിലിൽ തുറന്നുകൊടുക്കും. തലശേരി - മാഹി റീച്ച് 87.40 ശതമാനം പൂർത്തിയായി. 2020ൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ വൈകിയെങ്കിലും നിലവിൽ നല്ല രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. അവലോകനത്തിന്‌ മാസത്തിൽ ജില്ലാതല–-വകുപ്പ്‌തല യോഗം ചേരാറുണ്ട്‌.   പ്രവൃത്തി പൂർത്തിയാകുന്നതോടെ ജില്ലയിൽ കുതിപ്പുണ്ടാക്കുന്ന വലിയ മാറ്റങ്ങളാണുണ്ടാവുകയെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. 2026 ഓടുകൂടി 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളുടെ 50 ശതമാനം ബിഎം ആൻഡ്‌ ബിസി ആക്കും. റോഡ് പ്രവൃത്തി നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന്‌ വർക്കിങ് കലണ്ടർ തയ്യാറാക്കും.   ജില്ലയിലെ പ്രശ്നങ്ങൾ കലക്ടറും ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്യും. ദേശീയപാതയിൽ രണ്ടര കിലോമീറ്റർ ഇടവിട്ട് അണ്ടർപാസോ ഓവർ ബ്രിഡ്ജോ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ പരിഹരിക്കുമെന്നും സർവീസ് റോഡിനെ തദ്ദേശ റോഡുമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ ബി എൽ മീണ പറഞ്ഞു. യോഗത്തിൽ എംഎൽഎമാരായ കാനത്തിൽ ജമീല, കെ കെ രമ, കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ  പങ്കെടുത്തു. വികസനത്തിന് ഒന്നിച്ചുനീങ്ങും: മന്ത്രി റിയാസ്‌ ദേശീയപാതാ നവീകരണം പൂർത്തിയാക്കുന്നതിലും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലും ദേശീയപാതാ അതോറിറ്റിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും സഹകരിച്ച് നീങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആറുവരിയാക്കൽ പ്രവൃത്തികളിൽ ദേശീയപാതാ അതോറിറ്റിയുമായി യോജിച്ചുള്ള ടീം വർക്കാണ്‌ ഇപ്പോൾ നടക്കുന്നത്. നാടാഗ്രഹിക്കുന്ന വികസനപദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കാൻ എല്ലാവരുമായും യോജിച്ച് നീങ്ങുമെന്നും മന്ത്രി പറഞ്ഞു. രാമനാട്ടുകരയിൽ പുതിയ മേൽപ്പാലം നിർമാണം പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.   റോഡിലെ കുഴികൾ അടയ്‌ക്കുന്നതിലുള്ള അശാസ്ത്രീയ രീതികൾ പരിഹരിക്കുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ സഹായങ്ങളെല്ലാം നൽകാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്‌. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന്‌ 98 ശതമാനം ഭൂമിയും ഏറ്റെടുത്തുനൽകി. ഇതിനായി 5600 കോടി രൂപയാണ് ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News