ദേശീയപാത നിർമാണത്തിന്‌ ജർമൻ സാങ്കേതികവിദ്യ; തകരാർ ഉണ്ടാകില്ല

ദേശീയപാത നിർമാണത്തിന് ജർമൻ സ്റ്റേബിൾ റോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് 
എത്തിച്ച ആധുനിക വാഹനം


കരുനാഗപ്പള്ളി > ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ റോഡ്‌ നിർമാണത്തിന്‌ ജർമൻ സാങ്കേതികവിദ്യയും. കരാർ ഏറ്റെടുത്ത വിശ്വാസമുദ്ര കമ്പനിയാണ് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓച്ചിറ, ചങ്ങൻകുളങ്ങര ഭാഗത്ത് റോഡ് ടാറിങ് തുടങ്ങിയത്.  ‘ജർമൻ സ്റ്റേബിൾ റോഡ് ടെക്‌നോളജി’യാണ് റോഡ് നിർമാണത്തിന്‌ ഉപയോഗിക്കുന്നത്. ഗ്രാവലും സിമന്റും ജർമനിയിൽനിന്ന്‌ ഇറക്കുമതിചെയ്‌ത മിശ്രിതവും ചേർത്ത് പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമാണം. യന്ത്രങ്ങളും ജർമനിയിൽനിന്നാണ്‌ ഇറക്കുമതി ചെയ്‌തത്.     പ്രധാന ദേശീയപാത 24 സെന്റീമീറ്ററും സർവീസ് റോഡുകൾ 28 സെന്റീമീറ്ററും കനത്തിലാണ് നിർമിക്കുക. ഇതിനു മുകളിലാണ് ടാറിങ്. തകരാർ ഉണ്ടാകാത്തതും ഏറെനാൾ നീണ്ടുനിൽക്കുന്നതുമാണ്‌ ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയെന്ന് കമ്പനി അധികൃതർ പറഞ്ഞു. കൊറ്റുകുളങ്ങര മുതൽ കാവനാട് വരെ 31.5 കീലോമീറ്ററാണ് വിശ്വസമുദ്ര കമ്പനി റോഡ് നിർമിക്കുന്നത്. പ്രധാന റോഡും സർവീസ് റോഡുകളുമെല്ലാം ഈ രീതിയിലായിരിക്കും നിർമിക്കുക.   ശനിയാഴ്‌ചയാണ് ടാറിങ് തുടങ്ങിയത്. തിങ്കൾ വൈകിട്ട് എംഎൽഎമാരുടെയും തദ്ദേശസ്ഥാപന അധ്യക്ഷരുടെയും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ റോഡ്‌ നിർമാണത്തിലെ ജർമൻ സാങ്കേതികവിദ്യ പരിചയപ്പെടുത്തി. എംഎൽഎമാരായ സി ആർ മഹേഷ്, സുജിത് വിജയൻപിള്ള, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, കൗൺസിലർ റജി ഫോട്ടോപാർക്ക്, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രദീപ്, വിശ്വസമുദ്ര കമ്പനി പ്രോജക്ട് ഹെഡ് ആർ രാജശേഖരൻ, മാനേജർ ഏകാംബരം, രാഷ്ട്രീയ പാർടി പ്രതിനിധികളായ പി ആർ വസന്തൻ, ബി ശ്രീകുമാർ, പി രാജു, തൊടിയൂർ താഹ, ശ്രീനാഥ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News