ദേശീയപാത വികസനം കേരളത്തിന്റെ അവകാശം: മുഖ്യമന്ത്രി



തിരുവനന്തപുരം ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാനുള്ള തുക ഇനി സംസ്ഥാനത്തിന്‌ വഹിക്കാനാകില്ലെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ദേശീയ പാത വികസനം കേരളത്തിന്‌ ലഭിക്കേണ്ട അവകാശമാണ്‌. ഭൂമി ഏറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും വഹിക്കുന്നില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അതോറിറ്റിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. എല്ലാ പദ്ധതികൾക്കും കേരളത്തിന്റെ വിഹിതമിങ്ങ് പോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാകില്ല. ദേശീയപാത വികസനകാര്യത്തിൽ മുമ്പ്‌ ചില കാലതാമസമുണ്ടായി. സംസ്ഥാനത്തിനും ചില വീഴ്ചകളുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാത വികസിക്കുമ്പോഴും ഇവിടെ  പഞ്ചായത്ത് റോഡിന്റെ സ്ഥിതിയിലായിരുന്നു. തുടർന്നാണ് 2016ൽ കേന്ദ്രത്തെ സമീപിക്കുന്നത്. കേരളത്തിൽ ഭൂമിക്ക് വലിയ വിലയാണെന്നും സംസ്ഥാനം ഭൂമി ഏറ്റെടുത്ത്‌ നൽകണം എന്നുമായിരുന്നു കേന്ദ്രനിലപാട്. അത് സാധിക്കില്ല എന്ന് അറിയിച്ചു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലയിലാണ് 25 ശതമാനം വഹിക്കാൻ തീരുമാനിച്ചത്. ഇത് കാലതാമസമുണ്ടാക്കിയതിന്‌ നൽകേണ്ടി വന്ന പിഴയായിരുന്നു. എന്നാൽ, അതൊരു സൗകര്യമായെടുത്ത് ഇനിയും അങ്ങനെ വേണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല.ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഫലപ്രദമായി തുടരുകയാണ്. എല്ലാ മാസവും അവലോകനം ചെയ്യുന്നുണ്ട്. ജനങ്ങളാകെ സഹകരിക്കുന്നുമുണ്ട്. ഈ ജനങ്ങളുടെ കൂട്ടത്തിൽ ബിജെപിക്കാരും യുഡിഎഫുകാരുമുണ്ടെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News