ദേശീയപാത കേന്ദ്രീകരിച്ച്‌ കവർച്ച; 6 പേർ പിടിയിൽ



കൊണ്ടോട്ടി> ദേശീയപാതയിൽ നെടിയിരുപ്പുവച്ച്‌ സ്‌കൂട്ടറിൽ പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയുടെ കണ്ണിൽ മുളക്‌ സ്‌പ്രേ അടിച്ച്‌ ഒമ്പതര ലക്ഷം രൂപ കവർന്ന കേസിൽ തൃശൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘം അറസ്റ്റിൽ. കൊടകര സ്വദേശി ജാക്കി ബിനു  (പന്തവളപ്പിൽ ബിനു, 40), നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54), മകൻ നിശാന്ത് (22), വടക്കേകാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശികളായ കിഴക്കേക്കുണ്ടിൽ നവീൻ (28), ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്‌തു. ഒക്‌ടോബർ 28ന്‌ ആയിരുന്നു സംഭവം. കവർച്ച നടന്നയുടൻ ജില്ലാ പൊലീസ്‌ മേധാവി പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചിരുന്നു. എഎസ്‌പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ മനോജ്, എസ്‌ഐ നൗഫൽ എന്നിവരും ഡാൻസാഫ്‌ ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്‌. പ്രതികളെ ചോദ്യംചെയ്തതിൽ ആറുമാസംമുമ്പ്‌ വള്ളുവമ്പ്രത്തുവച്ച്‌ 35 ലക്ഷത്തോളം രൂപ കവർച്ചചെയ്ത കേസിനും തുമ്പായി. ഹരിദാസ് വിവിധ ജില്ലകളിലായി ലഹരിക്കടത്ത്, കവർച്ച ഉൾപ്പെടെ മുപ്പത്തിയഞ്ചോളം കേസിൽ പ്രതിയാണ്. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലകൾ കവർച്ചചെയ്ത കേസിൽ പിടിക്കപ്പെട്ട ജാക്കി ബിനു രണ്ടുമാസംമുമ്പാണ്‌ ജാമ്യത്തിലിറങ്ങിയത്‌. ഇയാൾക്കെതിരെയും ഇരുപതോളം കേസുണ്ട്‌. നിശാന്ത്‌ വ്യാജ കറൻസി വിതരണംചെയ്‌തതിന്‌ നേരത്തെ പിടിയിലായിട്ടുണ്ട്‌.   Read on deshabhimani.com

Related News