കുമാരിമാർക്ക്‌ കരുത്തേകാൻ ‘വർണക്കൂട്ട്‌’ ; ബാലികാദിനമായ ഇന്ന്‌ തുടക്കം



കൊച്ചി കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട്‌ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ‘വർണക്കൂട്ടി’ന്‌ ബാലികാദിനമായ തിങ്കളാഴ്‌ച തുടക്കം. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ നടപ്പാക്കിയിരുന്ന കുമാരി ക്ലബ്ബുകളാണ്‌ വർണക്കൂട്ടുകളായി മാറുന്നത്‌. വനിത–-ശിശു വികസനവകുപ്പ് സൈക്കോസോഷ്യൽ പദ്ധതിപ്രകാരമാണ്‌ സംസ്ഥാനത്താകെ കഴിഞ്ഞവർഷം കുമാരി ക്ലബ്ബുകൾ രൂപീകരിച്ചത്‌. കോവിഡ്‌ അടക്കമുള്ള കാരണങ്ങളാൽ നിർജീവമായിരുന്ന ഇവയാണ്‌ പുനഃസംഘടിപ്പിക്കുന്നത്‌. കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് ജീവിതലക്ഷ്യം ഉണ്ടാക്കുകയുമാണ്‌ ഉദ്ദേശ്യം.  കലാ-കായികവാസനകൾ പ്രോത്സാഹിപ്പിക്കാനും മാനസികപിന്തുണ നൽകാനുതുകുന്നതുമായ പ്രവർത്തനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.  തദ്ദേശ ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ ഓൺലൈനായി പരിപാടി നടത്താനാണ്‌ നിലവിലെ തീരുമാനം. അങ്കണവാടി പ്രവർത്തകർ തങ്ങളുടെ പ്രദേശത്തെ യോഗങ്ങൾ ഓൺലൈനായി വിളിച്ച്‌ തീരുമാനമെടുക്കും. വർണക്കൂട്ട്‌ ക്ലബ്ബുകളിലെ കുട്ടികൾക്കിടയിൽ പിയർ ഗ്രൂപ്പ് സപ്പോർട്ടിങ് പ്രോത്സാഹിപ്പിക്കാൻ സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തും. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവരുന്നത്‌ അനുസരിച്ച്‌ അംഗങ്ങൾ എല്ലാ മാസവും നിശ്ചിതദിവസം ഒത്തുകൂടുന്നതിനും ആലോചനയുണ്ട്‌.  ചിത്രരചന, പ്രസംഗം, ഉപന്യാസരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കണം. സ്കൂൾതലത്തിൽ എൻഎസ്എസ്‌, എൻസിസി എന്നിവയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മുൻഗണന നൽകി ഓരോ ക്ലബ്ബിലും നേതൃപാടവമുള്ള ഒരാളെ ലീഡറായി തെരഞ്ഞെടുക്കണം. വികസനം, സാമൂഹ്യനീതി, ദുരന്തനിവാരണ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ നടത്തണം. കുട്ടികൾ ചെയ്ത കാര്യങ്ങൾ ഫോട്ടോസഹിതം രേഖപ്പെടുത്തി സൂക്ഷിക്കണം. കിടപ്പുരോഗികളുടെ വീടുകൾ, വൃദ്ധസദനം എന്നിവിടങ്ങളിൽ അങ്കണവാടി പ്രവർത്തകർക്കൊപ്പം ക്ലബ് അംഗങ്ങളും സന്ദർശിക്കണം. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി തിരികെ കൊണ്ടുവരിക, അനീമിയ ലക്ഷണങ്ങളുള്ള കുട്ടികൾക്ക്  പോഷകാഹാര വിദഗ്‌ധരുടെ സേവനം നൽകലും പദ്ധതിയുടെ ഭാഗമാണ്‌. Read on deshabhimani.com

Related News