ഭീകരതയുടെ നേർസാക്ഷ്യം: നാറാത്തെ ആയുധ 
പരിശീലനം, ഐഎസ്‌ 
റിക്രൂട്ട്‌മെന്റ്



കണ്ണൂർ പോപ്പുലർഫ്രണ്ട്‌ ഭീകരതയുടെ നേർസാക്ഷ്യമാണ്‌ നാറാത്തെ ആയുധ പരിശീലനവും  വളപട്ടണം ഐഎസ്‌ഐഎസ്‌ റിക്രൂട്ട്‌മെന്റും. കേരള പൊലീസിന്റെ സമർഥമായ ഇടപെടലാണ്‌ ഇത്‌ രണ്ടും പൊളിച്ചത്‌. നാറാത്തെ ആയുധപരിശീലന ക്യാമ്പ്‌ വളഞ്ഞാണ്‌ പ്രതികളെ പിടിച്ചത്‌. വളപട്ടണം കേന്ദ്രീകരിച്ചുനടന്ന ഐഎസ്‌ റിക്രൂട്ട്‌മെന്റും കണ്ടെത്തി. രണ്ട്‌ കേസിലുമായി 26 പേരെ കോടതി ശിക്ഷിച്ചു. കണ്ണൂരിൽ നിന്ന്‌ മാത്രം 35 പേർ രാജ്യത്തിനു പുറത്ത്‌ വിവിധ ഭീകര സംഘടനയിൽ അംഗമായിരിക്കെ കൊല്ലപ്പെട്ടു. സലഫിയും പോപ്പുലർ ഫ്രണ്ടുമാണ്‌ ഇവരെ റിക്രൂട്ട്‌ ചെയ്‌തത്‌. കശ്‌മീരിൽ കൊല്ലപ്പെട്ട ഫയാസും ഫായിസും കണ്ണൂരുകാരാണ്‌. പെരിങ്ങത്തൂർ കനകമലയിലെ തീവ്രവാദ ക്യാമ്പും പൊലീസ്‌ കണ്ടെത്തിയിരുന്നു. 2017 ഒക്ടോബർ 25നായിരുന്നു വളപട്ടണം കേന്ദ്രീകരിച്ച്‌ നടന്ന ഐഎസ്‌ഐഎസ്‌ റിക്രൂട്ട്‌മെന്റിൽ  അറസ്‌റ്റ്‌.  തലശേരി കുഴിപ്പങ്ങാട്ടെ തൗഫീഖ്‌ ഹൗസിൽ  യു കെ ഹംസ എന്ന ബിരിയാണി ഹംസ (62)യായിരുന്നു സൂത്രധാരൻ. മലപ്പുറത്തുനിന്ന്‌ കൈകാര്യം ചെയ്‌തിരുന്ന ‘ഫ്രീ തിങ്കേഴ്‌സി’ലാണ്‌ ഇസ്ലാമിക രാജ്യത്തിനുവേണ്ടിയുള്ള ആഹ്വാനം ആദ്യം പ്രത്യക്ഷപ്പെട്ടത്‌. പിന്നീടിത്‌ ‘റൈറ്റ്‌ തിങ്കേഴ്‌സാ’യി. മുജാഹുറൂണും അൽ മുജാഹുറൂണുമായി ഇവരുടെ ഗ്രൂപ്പുകൾ മാറിമാറി വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവിടെ പരിശീലിച്ച്‌ സിറിയയിലേക്ക്‌ പോയ സംഘത്തിലെ പലരെയും ഇസ്‌താംബൂളിൽനിന്ന്‌ തുർക്കി പൊലീസ്‌ പിടികൂടി തിരിച്ചയച്ചിരുന്നു. Read on deshabhimani.com

Related News