ഒളിച്ചോടി വെട്ടിലായി എൻ കെ പ്രേമചന്ദ്രൻ എംപി



കൊല്ലം> രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്‌ രാഷ്ട്രപതിഭവനിലേക്ക്‌ നടത്തിയ മാർച്ചിനിടെ ഒളിച്ചോടിയ എൻ കെ പ്രേമചന്ദ്രൻ എംപി വെട്ടിലായി. ഡൽഹിയിൽ ശനിയാഴ്‌ച നടന്ന മാർച്ചിനിടെയാണ്‌ എൻ കെ പ്രേമചന്ദ്രൻ എംപി മുങ്ങിയത്‌. ചാനൽ കാമറയിൽ ഇടംപിടിക്കാൻ പ്രകടനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന എംപിയെ പെട്ടെന്ന്‌ കാണാതാകുകയായിരുന്നു. ഒരേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയോടും കൂറ്‌ പ്രകടിപ്പിക്കാനാകുമെന്ന്‌ നേരത്തെ തെളിയിച്ചയാളാണ്‌ പ്രേമചന്ദ്രൻ.    രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ മുൻനിരയിൽ പ്രേമചന്ദ്രനുണ്ടായിരുന്നു.  കോൺഗ്രസ്‌ സംസ്ഥാന, ജില്ലാ നേതാക്കളെ നോക്കുകുത്തിയാക്കിയാണ്‌ അന്ന്‌ പ്രേമചന്ദ്രൻ മുൻനിരയിൽ ഇടംപിടിച്ചത്‌.   രാഹുൽഗാന്ധിക്കൊപ്പമുള്ള ഫ്ലക്‌സ്‌ നഗരവീഥികൾ നിറയെ സ്ഥാപിച്ചും കോൺഗ്രസുകാരെ ഞെട്ടിച്ചു. ഇക്കാര്യം കോൺഗ്രസ്‌   ദേശീയ നേതൃത്വത്തിനും അന്ന്‌ ബോധ്യപ്പെട്ടിരുന്നു. ഇതേ എംപിയാണ്‌ ജനാധിപത്യം അപകടത്തിലായതിനെതിരെ രാജ്യതലസ്ഥാനത്ത്‌  പ്രതിപക്ഷ എംപിമാർ അറസ്റ്റ്‌വരിച്ചപ്പോൾ മുങ്ങിയത്‌. ഈ ഒളിച്ചോട്ടം രാഷ്ട്രീയനേതാവിന്‌ ചേർന്നതല്ലെന്ന്‌ ജില്ലയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പ്രതികരിച്ചു. മോദിയോടുള്ള പ്രതിബദ്ധതയാണോ ഒളിച്ചോട്ടത്തിനു പിന്നിലെന്നും സംശയമുയർന്നു.    കൊല്ലം ബൈപാസ്‌ ഉദ്‌ഘാടനത്തിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്ത്‌ എത്തിയപ്പോൾ മോദിക്കൊപ്പമുള്ള പ്രേമചന്ദ്രന്റെ ഫ്ലക്‌സുകളാണ്‌ നഗരം നിറച്ചത്‌. ആർഎസ്‌പി ദേശീയ നേതാവായ പ്രേമചന്ദ്രന്റെ അന്നത്തെ പ്രകടനം കണ്ട്‌ ബിജെപി നേതാക്കൾപോലും ഞെട്ടി. പ്രേമചന്ദ്രൻ  ബിജെപിയിലേക്ക്‌ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായി. ചില നേതാക്കളുമായി നടന്ന രഹസ്യകൂടിക്കാഴ്‌ച സംശയം ബലപ്പെടുത്തി. തെരഞ്ഞെടുപ്പിനുശേഷവും ബിജെപി–- പ്രേമചന്ദ്രൻ ഇടപാടുകൾ ചൂടുപിടിച്ച ചർച്ചയായിരുന്നു. പ്രേമചന്ദ്രന്റെ കൂറ്‌ ആർക്കൊപ്പം എന്ന ചോദ്യം കഴിഞ്ഞ ദിവസത്തെ ഒളിച്ചോട്ടത്തിനു ശേഷം കോൺഗ്രസ്‌ പ്രവർത്തകർ ഉയർത്തുന്നു.    Read on deshabhimani.com

Related News