പ്രവാസികാര്യവകുപ്പ്‌ പുനഃസ്ഥാപിക്കണം: എം വി ഗോവിന്ദൻ



തിരുവനന്തപുരം പ്രവാസികാര്യവകുപ്പ്‌ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനായുള്ള പോരാട്ടത്തിന്‌ പ്രവാസികൾ തയ്യാറാകണമെന്നും കേരള പ്രവാസിസംഘം സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. ശക്തമായ കുടിയേറ്റ നിയമം ഇപ്പോഴും ഇന്ത്യയിലില്ല. ബ്രിട്ടീഷ്‌കാലത്തെ നിയമം പരിഷ്‌കരിച്ച്‌ സമഗ്രമായ കുടിയേറ്റ നിയമം നടപ്പാക്കണം. പ്രവാസികളുടെ പെൻഷനടക്കം വർധിപ്പിക്കുന്ന നടപടിയാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. ഇതിന്‌ കേന്ദ്രസഹായം അനുവദിക്കണം. പ്രവാസജീവിതത്തിൽനിന്ന്‌ മടങ്ങി എത്തുന്നവർക്ക്‌ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ പരിശോധിക്കുന്നു. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്‌. ലോകത്തിനാകെ മാതൃകയായ കേരള മോഡൽ പടുത്തുയർത്തുന്നതിൽ പ്രവാസികളുടെ സംഭാവന വലുതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾക്ക്‌ കേന്ദ്രം ധനസഹായം അനുവദിക്കുക, പ്രവാസികാര്യവകുപ്പ്‌ പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കേരള പ്രവാസിസംഘം രാജ്‌ഭവൻ മാർച്ച്‌ സംഘടിപ്പിച്ചത്‌. മാർച്ചിൽ ആയിരക്കണക്കിനുപേർ അണിനിരന്നു. സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ്‌ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ട്രഷറർ ബാദുഷ കടലുണ്ടി, സംസ്ഥാന സെക്രട്ടറി പി സെയ്‌താലിക്കുട്ടി, ജില്ലാ സെക്രട്ടറി സജീവ്‌ തൈക്കാട്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News