എക്സൈസ്‌ ഓഫീസുകൾക്ക്‌ പ്രവർത്തനവും വൃത്തിയും പരിഗണിച്ച്‌ പുരസ്‌കാരം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ



തിരുവനന്തപുരം> എക്‌സൈസ്‌ ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും വൃത്തിയുള്ള പരിപാലനവും പരിശോധിച്ച്‌ അവാർഡുകൾ നൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 'എന്റെ ഓഫീസ്‌, എന്റെ അഭിമാനം' എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ ക്യാമ്പയിൻ.  ജില്ലാ തലത്തിൽ 'വെണ്‌മ' പുരസ്‌കാരവും സംസ്ഥാന തലത്തിൽ കമ്മീഷണേഴ്‌സ്‌ ട്രോഫിയും ഏർപ്പെടുത്തി. ഓഫീസുകളിൽ ശുചിത്വവു വൃത്തിയും കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളർത്തിയെടുക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എക്‌സൈസ്‌ ജീവനക്കാർക്ക്‌ കൂടുതൽ ഫലപ്രദമായി പ്രവർത്തനം ഏറ്റെടുക്കാൻ പുരസ്‌കാരം പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട റെക്കോർഡ്‌ സൂക്ഷിക്കൽ സംവിധാനവും, തൊണ്ടി സാധനങ്ങളുടെ കൈകാര്യവും, ശുചിത്വവുമാണ്‌ അവാർഡിന്‌ പരിഗണിക്കുക. രജിസ്റ്ററുകളുടെ പരിപാലനത്തിനും ശുചിത്വത്തിനും 50 മാർക്ക്‌ വീതവും തൊണ്ടി വസ്തുക്കളുടെ കൃത്യമായ സൂക്ഷിപ്പിന്‌ 100 മാർക്കുമാണ്‌ നൽകുക. പുരസ്‌കാരം ആഗസ്റ്റ്‌ 15ന്‌ പ്രഖ്യാപിക്കും. റേഞ്ച്‌ ഓഫീസുകളുടെ പരിശോധന ജൂലൈ 15ന്‌ ആരംഭിക്കും. വാഹനം ഉൾപ്പെടെയുള്ള തൊണ്ടി സാധനങ്ങൾ പരമാവധി വേഗത്തിൽ നിയമപ്രകാരം ഒഴിവാക്കാനുള്ള വിശദമായ മാർഗനിർദ്ദേശവും ഇതിനായി നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News