രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കല്‍: രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടി: എം വി ഗോവിന്ദന്‍



തിരുവനന്തപുരം> രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളില്‍ തളയ്ക്കപ്പെടാന്‍ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാന്‍ ശക്തമായ പ്രതിരോധമുയര്‍ത്തണം. 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ്. ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം  രാജ്യത്താകെ ഉയര്‍ന്നുവരണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.   Read on deshabhimani.com

Related News