ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍



തിരുവനന്തപുരം>  സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിന് പുതുമുഖം സമ്മാനിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ ആഗസ്ത് 17ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരത്ത് വൈകുന്നേരം 4.30 ന് പ്രത്യേകം സജ്ജീകരിക്കുന്ന വേദിയില്‍ വെച്ചായിരിക്കും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനാകും. മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും, രാഷ്ട്രീയ നേതാക്കളും, ആസൂത്രണബോര്‍ഡ് അംഗങ്ങളും കലാ-സാഹിത്യ-സാംസ്‌കാരിക- മാധ്യമ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന തലത്തില്‍ നടത്തുന്ന രജതജൂബിലി ഉദ്ഘാടനത്തോടൊപ്പം പ്രാദേശിക തലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, ഓരോ പ്രദേശത്തെയും സാധ്യതകള്‍ മനസിലാക്കി ഓണ്‍ലൈനായും അല്ലാതെയും രജതജൂബിലി ആഘോഷം സംഘടിപ്പിക്കണമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.   സംസ്ഥാന വേദിയില്‍ ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി, 1996ല്‍ സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ അധികാരം ജനതയ്ക്ക് എന്ന സംഗീതശില്‍പ്പത്തിന്റെ പുനരാവിഷ്‌കാരമുണ്ടാകും. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഈ ഉദ്ഘാടന പരിപാടി ആദ്യാവസാനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം തയ്യാറാക്കിയ വേദികളില്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന പരിപാടിക്ക് മുമ്പായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തനത് രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ജനകീയാസൂത്രണകാലം മുതല്‍ക്കിങ്ങോട്ടുള്ള അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥന്‍മാരെയും പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ആദരിക്കുകയും വേണം. ഗ്രാമ, വാര്‍ഡ് സഭകളില്‍ നിന്നും പൗരപ്രമുഖന്‍മാരെയും കലാ-സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും രാഷ്ട്രീയ നേതാക്കളെയും രജതജൂബിലി ആഘോഷ വേദിയിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്ഷണിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നിറഞ്ഞ സ്ത്രീപങ്കാളിത്തത്തോടെയാവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. എല്ലാ മേഖലകളില്‍ നിന്നുമുള്ള സ്ത്രീ സാന്നിധ്യം ഉറപ്പാക്കും. ഉച്ച തിരിഞ്ഞ് സംഘടിപ്പിക്കുന്ന പ്രാദേശിക ആഘോഷ പരിപാടികള്‍ 4.30 ഓടെ അവസാനിപ്പിക്കുകയും വേദിയില്‍ സജ്ജമാക്കിയ സ്‌ക്രീനില്‍ സംസ്ഥാനതലത്തിലുള്ള രജതജൂബിലി ഉദ്ഘാടന പരിപാടി എല്ലാവരും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും മുന്നൊരുക്കങ്ങളെടുക്കണം. രജതജൂബിലി ആഘോഷത്തിന്റെ വിവിധ തലത്തിലുമുള്ള സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിനും പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിനുമായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍  ആഗസ്റ്റ് 7 ന് മുമ്പ് ആലോചനാ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് തീരുമാനങ്ങളെടുക്കണമെന്നും ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ അവിസ്മരണീയമാക്കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.   Read on deshabhimani.com

Related News